Sathyian Nedumancherriyil

Subject : അയർലണ്ടിൽ കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിനായുള്ള സർക്കാർ നടപടികൾക്ക് പാർലമെന്റിന്റെ (ഡെയ്‌ൽ) അംഗീകാരം.

അയർലണ്ടിൽ കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിനായുള്ള സർക്കാർ നടപടികൾക്ക് പാർലമെന്റിന്റെ (ഡെയ്‌ൽ) അംഗീകാരം.

ഡബ്ലിൻ: അയർലണ്ടിൽ കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിനായുള്ള സർക്കാർ നടപടികൾക്ക് പാർലമെന്റിന്റെ (ഡെയ്‌ൽ) അംഗീകാരം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കാൻ അനുകൂലമായി 118 അംഗങ്ങൾ വോട്ട് ചെയ്തതോടെ പുതുക്കിയ നിരക്കുകൾ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. മൊത്തം 235 മില്യൺ യൂറോയുടെ പ്രത്യേക പാക്കേജിനാണ് സർക്കാർ അനുമതി നൽകിയത്. പുതിയ തീരുമാനപ്രകാരം മെയ് അവസാനം വരെ ഡീസലിന് ലിറ്ററിന് 22 സെന്റും പെട്രോളിന് 17 സെന്റും കുറയും. കൂടാതെ ഹോം-ഹീറ്റിംഗ് ഓയിലിന് ലിറ്ററിന് രണ്ട് സെന്റ് കുറവുണ്ടാകും. ഇന്ധന അലവന്‍സ് നാല് ആഴ്ച കൂടി നീട്ടാനും നാഷണൽ ഓയിൽ റിസർവ് ഏജൻസി (NORA) ഏർപ്പെടുത്തിയിരുന്ന രണ്ട് ശതമാനം ലെവി രണ്ട് മാസത്തേക്ക് താൽക്കാലികമായി നിർത്തലാക്കാനും പാർലമെന്റ് തീരുമാനിച്ചു.

അതേസമയം, ജീവിതച്ചെലവ് കുറയ്ക്കാനുള്ള സർക്കാർ നീക്കത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ സിൻ ഫെയ്ൻ എതിർത്തത് വലിയ രാഷ്ട്രീയ സംവാദങ്ങൾക്ക് വഴിവെച്ചു. ഇന്ധനവില കുറയ്ക്കാനുള്ള പ്രമേയത്തിനെതിരെ വോട്ട് ചെയ്ത ഒരേയൊരു പ്രതിപക്ഷ കക്ഷിയും അവരായിരുന്നു. സർക്കാരിന്റെ നിലവിലെ ഇടപെടലുകൾ ഒട്ടും പര്യാപ്തമല്ലെന്നും പകുതി മനസ്ോടെയുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും സിൻ ഫെയ്ൻ വക്താവ് പിയേഴ്സ് ഡോഹെർട്ടി ആരോപിച്ചു. ഹോം ഹീറ്റിംഗ് ഓയിലിലെ എക്സൈസ് പൂർണ്ണമായും ഒഴിവാക്കണമെന്നും ഇന്ധന അലവൻസ് 13 ആഴ്ച കൂടി നീട്ടണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, ആഴ്ചകളോളം ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ശേഷം നടപടി വന്നപ്പോൾ അതിനെതിരെ വോട്ട് ചെയ്ത സിൻ ഫെയ്ൻ നിലപാട് അസാധാരണമാണെന്ന് സർക്കാർ വക്താക്കൾ കുറ്റപ്പെടുത്തി.

സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്കുള്ള ഹീറ്റിംഗ് പേമെന്റുകൾ നാല് ആഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. പെൻഷൻകാർ, കെയറർമാർ, വൈകല്യമുള്ളവർ എന്നിവർക്കുള്ള ഊർജ്ജ പിന്തുണയും ഈ പാക്കേജിന്റെ ഭാഗമാണ്. വരും ദിവസങ്ങളിൽ പാക്കേജ് വീണ്ടും അവലോകനം ചെയ്യുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ധനമന്ത്രി സൈമൺ ഹാരിസും അറിയിച്ചു. ലേബർ പാർട്ടി ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ കക്ഷികൾ സർക്കാർ നടപടികളെ പിന്തുണച്ചപ്പോൾ, സാമ്പത്തികമായി തകർന്ന കുടുംബങ്ങളെ സഹായിക്കാൻ ഈ നീക്കം മാത്രം മതിയാകില്ലെന്ന് സോഷ്യൽ ഡെമോക്രാറ്റ്സ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി.