ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറന്റിന് നേരെ പാക് ആധിപത്യം; 16 വർഷത്തെ പാരമ്പര്യമുള്ള ‘രംഗ് രേസ്’ പൂട്ടുന്നു; ഹലാൽ വിൽക്കാത്തതാണ് കാരണമെന്ന് ഉടമ.
പാകിസ്ഥാനികളുടെ ഉപദ്രവം സഹിക്കാനാവില്ല’; ലണ്ടനിലെ പ്രശസ്തമായ ഇന്ത്യൻ റെസ്റ്റോറന്റ് പൂട്ടുന്നു!
ലണ്ടൻ: പാകിസ്ഥാൻ വംശജരിൽ നിന്നുള്ള നിരന്തരമായ ഉപദ്രവവും ഓൺലൈൻ ആക്രമണവും മൂലം ലണ്ടനിലെ പ്രശസ്തമായ ഇന്ത്യൻ റെസ്റ്റോറന്റ് പൂട്ടുന്നു. വെസ്റ്റ് ലണ്ടനിലെ ‘രംഗ് രേസ്’ (Rangrez) റസ്‌റ്റൊറന്റ് ഉടമ ഹർമൻസിങ് കപൂറാണ് 16 വർഷത്തെ പ്രവർത്തനത്തിന് ശേഷം സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനിച്ചത്. തന്നെയും തന്റെ ബിസിനസിനെയും ഇല്ലാതാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ആസൂത്രിതമായ ഓൺലൈൻ ആക്രമണം
ഭക്ഷണത്തെക്കുറിച്ച് ബോധപൂർവം മോശം അഭിപ്രായങ്ങൾ (Negative ratings) ഓൺലൈനിൽ പടർത്തുന്നത് പാകിസ്ഥാൻ വംശജരാണെന്ന് സിങ് പറയുന്നു. താൻ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഓൺലൈൻ ആക്രമണത്തിന് പുറമെ തന്റെ വാഹനത്തിന് നേരെയും അക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ യുകെ പോലീസിൽ നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.
ഹലാൽ വിവാദവും വിമർശനവും
തന്റെ റെസ്റ്റൊറന്റിൽ ഹലാൽ മാംസം വിളമ്പാത്തതാണ് ഇത്രയധികം ശത്രുക്കളെ ഉണ്ടാക്കിയതെന്ന് ഹർമൻസിങ് തുറന്നടിച്ചു. ഹലാൽ വിൽക്കാത്തതിനാലാണ് ചിലർ തന്നെ ലക്ഷ്യം വയ്ക്കുന്നത്. യുകെയിൽ ഹലാൽ നിരോധിക്കണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാനെതിരെയും അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ലണ്ടനിൽ പാകിസ്ഥാൻ വംശജർ ആധിപത്യം സ്ഥാപിക്കാൻ കാരണം മേയറുടെ നിലപാടുകളാണെന്ന് സിങ് ആരോപിച്ചു.
ഇനി പൊതുപ്രവർത്തനത്തിലേക്ക്
ബിസിനസ് തകർന്നതിൽ തനിക്ക് ആശങ്കയില്ലെന്നും റെസ്റ്റോറന്റ് സ്വയം പൂട്ടാൻ തീരുമാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹലാൽ വിൽക്കാത്തതിൽ താൻ അഭിമാനിക്കുന്നുവെന്നും, ഇനി മുഴുവൻ സമയവും പൊതുപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് ഹർമൻസിങ് കപൂർ അറിയിച്ചിരിക്കുന്നത്. പലരും തീരുമാനം മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഉറച്ചുനിൽക്കുകയാണ്.