Sathyian Nedumancherriyil

Subject : അയർലണ്ടിൽ വാടക നിയമം മാറുന്നു; മാർച്ച് 1 മുതൽ കർശന നിയന്ത്രണം; ലംഘിച്ചാൽ പിടിവീഴും.

അയർലണ്ടിൽ വാടക നിയമം മാറുന്നു; മാർച്ച് 1 മുതൽ കർശന നിയന്ത്രണം; ലംഘിച്ചാൽ പിടിവീഴും.

അയർലണ്ടിൽ പുതിയ വാടക നിയമം മാർച്ച് 1 മുതൽ; വീട്ടുടമകൾക്ക് കർശന നിർദ്ദേശവുമായി ആർടിബി.

ഡബ്ലിൻ: അയർലണ്ടിലെ വാടക വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന പരിഷ്കരിച്ച വാടക നിയമങ്ങൾ മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നു. നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും റെസിഡൻഷ്യൽ ടെനന്റീസ് ബോർഡ് (RTB) വീട്ടുടമകൾക്ക് മുന്നറിയിപ്പ് നൽകി.

പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ:

  • രാജ്യം മുഴുവൻ റെന്റ് പ്രഷർ സോൺ (RPZ): ഇനി മുതൽ അയർലണ്ട് മുഴുവനും ‘റെന്റ് പ്രഷർ സോണിന്റെ’ പരിധിയിൽ വരും. ഇതോടെ വാടക വർദ്ധനവ് വർഷത്തിൽ 2 ശതമാനത്തിലോ അല്ലെങ്കിൽ പണപ്പെരുപ്പത്തിന് (Inflation) അനുസൃതമായോ പരിമിതപ്പെടുത്തണം.

  • പുതിയ കരാറുകൾക്ക് 6 വർഷം കാലാവധി: മാർച്ച് ഒന്നിന് ശേഷം ഒപ്പിടുന്ന പുതിയ വാടക കരാറുകൾക്ക് 6 വർഷത്തെ കാലാവധിയുണ്ടായിരിക്കും.

  • കാരണമില്ലാതെ പുറത്താക്കാൻ കഴിയില്ല: വ്യക്തമായ നിയമപരമായ കാരണവും കൃത്യമായ നോട്ടീസും ഇല്ലാതെ വാടകക്കാരെ ഒഴുപ്പിക്കാൻ വീട്ടുടമകൾക്ക് സാധിക്കില്ല.

  • മാർക്കറ്റ് നിരക്കിലുള്ള വാടക: പുതിയ വാടകക്കാർക്ക് മാർക്കറ്റ് നിരക്കിൽ വാടക നിശ്ചയിക്കാൻ വീട്ടുടമകൾക്ക് അനുവാദമുണ്ട്. എന്നാൽ ഇത് തെളിയിക്കുന്നതിനായി ആർടിബി രജിസ്റ്ററിൽ നിന്നുള്ള സമാനമായ മറ്റ് മൂന്ന് വാടക വിവരങ്ങൾ ഹാജരാക്കേണ്ടി വരും.

വാടക പുതുക്കുമ്പോൾ ശ്രദ്ധിക്കാൻ:

വാടക പുതുക്കുന്നതിന് 90 ദിവസം മുമ്പ് തന്നെ വാടകക്കാരനും ആർടിബിക്കും റിവ്യൂ നോട്ടീസ് നൽകിയിരിക്കണം. ഡിജിറ്റൽ സംവിധാനത്തിലൂടെ ഭാവിയിൽ വാടക പുതുക്കലും കരാർ അവസാനിപ്പിക്കലും എളുപ്പമാക്കുമെന്ന് ആർടിബി ഡയറക്ടർ റോസ്മേരി സ്റ്റീൻ വ്യക്തമാക്കി. ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സമാനമായ വാടകയാണ് ഈടാക്കുന്നതെന്ന് ഉറപ്പാക്കാൻ ആർടിബി രജിസ്റ്റർ ദിവസേന അപ്‌ഡേറ്റ് ചെയ്യും.

ഹ്രസ്വകാലത്തേക്ക് വാടക വർദ്ധിക്കാൻ സാധ്യത

പുതിയ നിയമം നടപ്പിലാക്കുന്നതോടെ ഹ്രസ്വകാലത്തേക്ക് വാടകയിൽ വർദ്ധനവുണ്ടായേക്കാമെന്ന് ആർടിബി മേധാവി സൂചിപ്പിച്ചു. പുതിയ വാടകക്കാർക്ക് മാർക്കറ്റ് നിരക്ക് ഈടാക്കാം എന്ന വ്യവസ്ഥയാണിതിന് കാരണം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് വിപണിയിൽ സ്ഥിരത കൊണ്ടുവരുമെന്നും വാടകക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

നിലവിലുള്ള വാടകക്കാരെ പുതിയ മാറ്റങ്ങൾ വലിയ തോതിൽ ബാധിക്കില്ലെന്നും അവരുടെ കരാർ വ്യവസ്ഥകൾ പഴയതുപോലെ തുടരുമെന്നും ആർടിബി വ്യക്തമാക്കി.