Sathyian Nedumancherriyil

Subject : യുകെയിൽ ഇനി സ്ഥിരതാമസം കടമ്പയേറും; നിയമങ്ങൾ കടുപ്പിച്ച് സർക്കാർ, കെയർ വർക്കർമാർക്ക് കാത്തിരിപ്പ് 15 വർഷം വരെ!

യുകെയിൽ ഇനി സ്ഥിരതാമസം കടമ്പയേറും; നിയമങ്ങൾ കടുപ്പിച്ച് സർക്കാർ, കെയർ വർക്കർമാർക്ക് കാത്തിരിപ്പ് 15 വർഷം വരെ!

യുകെയിൽ കുടിയേറ്റക്കാർക്ക് തിരിച്ചടി: ഐഎൽആർ നിയമങ്ങൾ കടുപ്പിക്കുന്നു; മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ.

ലണ്ടൻ: ബ്രിട്ടനിലെ ‘ഏൺഡ് സെറ്റിൽമെന്റ്’ (Earned Settlement) പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ കൺസൾട്ടേഷൻ പൂർത്തിയായതോടെ, ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിൻ (ILR) അഥവാ സ്ഥിരതാമസ അനുമതി ലഭിക്കുക എന്നത് കുടിയേറ്റക്കാർക്ക് ഇനി കടമ്പകളേറിയ കാര്യമാകുമെന്ന് ഉറപ്പായി. പുതിയതായി എത്തുന്നവരെ മാത്രമല്ല, നിലവിൽ യുകെയിലുള്ള 20 ലക്ഷത്തോളം കുടിയേറ്റക്കാരെയും ഈ പരിഷ്കാരങ്ങൾ ബാധിക്കുമെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾ ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പ്രധാന മാറ്റങ്ങൾ ഇവയാണ്:

  • യോഗ്യതാ കാലയളവ് വർദ്ധിപ്പിച്ചു: ഐഎൽആർ ലഭിക്കാനുള്ള കുറഞ്ഞ യോഗ്യതാ കാലയളവ് നിലവിലെ 5 വർഷത്തിൽ നിന്നും 10 വർഷമായി ഉയർത്തും.

  • ഭാഷാ പ്രാവീണ്യം: ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനുള്ള നിബന്ധന ബി1 (B1) ലെവലിൽ നിന്നും ബി2 (B2) ലേക്ക് ഉയർത്തി.

  • സാമ്പത്തിക നിബന്ധന: അപേക്ഷകർ തുടർച്ചയായി മൂന്ന് വർഷമെങ്കിലും കുറഞ്ഞത് 12,570 പൗണ്ട് വാർഷിക വരുമാനം നേടിയിരിക്കണം.

  • ഗ്രാജുവേറ്റ് ഇതര ജോലികൾക്ക് കടുത്ത നിയന്ത്രണം: കെയർ വർക്കർമാർ ഉൾപ്പെടെയുള്ള ഗ്രാജുവേറ്റ് ലെവലിന് താഴെയുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സ്ഥിരതാമസത്തിനായി 15 വർഷം വരെ കാത്തിരിക്കേണ്ടി വരും.

ആർക്കൊക്കെ ഇളവ് ലഭിക്കും?

നഴ്സുമാർ, ഡോക്ടർമാർ, അധ്യാപകർ തുടങ്ങിയ ഗ്രാജുവേറ്റ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് 5 വർഷത്തെ കാലാവധി തുടരും. ഇവരുടെ വാർഷിക വരുമാനം 125,140 പൗണ്ടിന് മുകളിലാണെങ്കിൽ ഇത് 3 വർഷമായി കുറയ്ക്കാനും വ്യവസ്ഥയുണ്ട്.

ഡിപ്പൻഡന്റ് വിസയിലുള്ളവർക്ക് തിരിച്ചടി

പ്രധാന വിസ ഉടമകൾക്ക് ഇളവ് ലഭിക്കുമ്പോഴും അവരുടെ ഡിപ്പൻഡന്റ് വിസയിലുള്ളവർക്ക് (കുടുംബാംഗങ്ങൾക്ക്) ഐഎൽആർ ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ടി വരും. ഇത് ഒഴിവാക്കണമെങ്കിൽ ഡിപ്പൻഡന്റ്സ് 50,270 പൗണ്ടിന് മുകളിൽ വരുമാനമുള്ള ജോലിയോ അല്ലെങ്കിൽ പബ്ലിക് സെക്ടർ ജോലിയോ കണ്ടെത്തേണ്ടി വരും. നോൺ-ഗ്രാജുവേറ്റ് ജോലിക്കാരോടൊപ്പം എത്തിയവർക്ക് ഇത് 15 വർഷം വരെ നീളാം.

പ്രതിഷേധവുമായി എംപിമാർ

യുകെയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന കുടിയേറ്റക്കാരോട് മാന്യത കാണിക്കണമെന്ന് ആവശ്യപ്പെട്ട് 35 ലേബർ എംപിമാരും മറ്റ് പാർട്ടികളും സംഘടനകളും ഹോം സെക്രട്ടറി ഷബാന മഹ്മൂദിന് കത്തുനൽകി. എന്നാൽ, രാജ്യത്തിന്റെ താൽപര്യം മുൻനിർത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് ഹോം സെക്രട്ടറി കോമൺസ് കമ്മിറ്റിയെ അറിയിച്ചിരിക്കുന്നത്. കൺസൾട്ടേഷനിൽ 1.3 ലക്ഷത്തോളം പേർ പ്രതികരിച്ചതായും സർക്കാർ വ്യക്തമാക്കി.