കൂടെയുള്ളവർക്കും വേണം ഒരു ഐഡന്റിറ്റി; അബുദാബിയിലെ വളർത്തുമൃഗങ്ങൾക്കുള്ള പുതിയ നിയമം അറിയാം.
അബുദാബിയിൽ വളർത്തുമൃഗങ്ങൾക്ക് ഇനി രജിസ്ട്രേഷൻ നിർബന്ധം; നിയമം ഫെബ്രുവരി 3 മുതൽ.
അബുദാബി : അബുദാബിയിൽ വീടുകളിൽ പൂച്ചയെയും പട്ടിയെയും വളർത്തുന്നവർക്ക് ഇനി രജിസ്ട്രേഷൻ നിർബന്ധമാക്കി. ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് (DMT) പുറപ്പെടുവിച്ച പുതിയ നിയമം ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്നവരിൽ നിന്ന് 1,000 ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം.
എന്താണ് പുതിയ നിയമം?
അബുദാബിയിൽ വളർത്തുമൃഗങ്ങളെ (പ്രത്യേകിച്ച് പൂച്ച, പട്ടി) വളർത്തുന്നവർ അവയെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരിക്കണം. നിലവിൽ മൃഗങ്ങളുടെ രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.
പ്രധാന ലക്ഷ്യങ്ങൾ:
-
വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.
-
മൃഗങ്ങളെ തെരുവുകളിൽ ഉപേക്ഷിക്കുന്നത് തടയുക.
-
കാണാതാകുന്ന മൃഗങ്ങളെ ഉടമസ്ഥർക്ക് വേഗത്തിൽ തിരികെ എത്തിക്കുക.
രജിസ്ട്രേഷൻ കാലാവധി:
-
വ്യക്തിഗത ഉടമകൾക്ക്: രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഒരു വർഷം സമയം ലഭിക്കും.
-
വാണിജ്യ സ്ഥാപനങ്ങൾ (പെറ്റ് ഷോപ്പുകൾ, ഷെൽട്ടറുകൾ): ആറുമാസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
രജിസ്റ്റർ ചെയ്യേണ്ട രീതി:
-
മൈക്രോചിപ്പ് ഉറപ്പാക്കുക: വളർത്തുമൃഗത്തിന് മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ അംഗീകൃത വെറ്ററിനറി ക്ലിനിക്ക് സന്ദർശിക്കുക.
-
വിവരങ്ങൾ അപ്ലോഡ് ചെയ്യുക: പരിശോധനകൾക്ക് ശേഷം ക്ലിനിക്ക് അധികൃതർ മൃഗത്തിന്റെ വിവരങ്ങൾ സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യും.
-
ടാം (TAMM) പോർട്ടൽ: ഉടമസ്ഥർക്ക് യുഎഇ പാസ് (UAE Pass) ഉപയോഗിച്ച് ടാം പോർട്ടലിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ സ്ഥിരീകരിക്കാം.
-
യൂണിക് ടാഗ് (Unique Tag): രജിസ്ട്രേഷൻ പൂർത്തിയായാൽ മന്ത്രാലയം ഓരോ മൃഗത്തിനും പ്രത്യേക ടാഗ് നൽകും.
എന്താണ് യൂണിക് ടാഗ്?
രജിസ്ട്രേഷന് ശേഷം ലഭിക്കുന്ന ഈ ടാഗ് വളർത്തുമൃഗങ്ങളുടെ കോളറിൽ നിർബന്ധമായും ധരിപ്പിക്കണം. മൃഗങ്ങളെ കാണാതായാൽ കണ്ടെത്താനും, ആരെങ്കിലും മൃഗങ്ങളെ ഉപേക്ഷിച്ചാൽ ഉടമയെ തിരിച്ചറിയാനും ഈ ടാഗ് സഹായിക്കും.