ബ്രിട്ടീഷ് മണ്ണിൽ മലയാളി കരുത്ത്; ലേബർ കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ഹണി പ്രേംലാൽ.
ബ്രിട്ടീഷ് തിരഞ്ഞെടുപ്പിൽ ജനവിധി തേടി ഹണി പ്രേംലാൽ; ക്രോയ്ഡോണിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥിയായി മലയാളി വനിത.
കവൻട്രി: വരാനിരിക്കുന്ന ബ്രിട്ടീഷ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യ മലയാളി സ്ഥാനാർത്ഥിയായി ഹണി പ്രേംലാൽ. ലണ്ടനിലെ ക്രോയ്ഡോൺ കൗൺസിലിൽ ‘നോർബറി പാർക്ക്’ വാർഡിൽ നിന്നാണ് ഹണി ജനവിധി തേടുന്നത്. ലേബർ പാർട്ടിയുടെ ശക്തമായ കോട്ടയെന്ന് അറിയപ്പെടുന്ന ക്രോയ്ഡോണിൽ പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിക്ക് വേണ്ടിയാണ് ഇവർ മത്സരിക്കുന്നത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കുമെന്ന് കരുതപ്പെട്ടിരുന്ന ഹണി പ്രേംലാൽ, ക്രോയ്ഡോൺ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമാണ്. നേരത്തെ ഇതേ കൗൺസിലിൽ മേയർ സ്ഥാനത്തെത്തിയ മഞ്ജു ശാഹുൽ ഹമീദ് ഉൾപ്പെടെയുള്ള മലയാളികൾ പ്രവർത്തിച്ചിട്ടുള്ളതിനാൽ, ഹണിയുടെ സ്ഥാനാർത്ഥിത്വം യുകെ മലയാളികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
കേവലം രാഷ്ട്രീയ പ്രവർത്തക എന്നതിലുപരി മികച്ച വിദ്യാഭ്യാസ യോഗ്യതകളുള്ള പ്രൊഫഷണൽ കൂടിയാണ് ഹണി. കെമിസ്ട്രിയിൽ ബിരുദം, ബയോകെമിസ്ട്രിയിൽ മാസ്റ്റേഴ്സ്, ലീഡർഷിപ്പിൽ എംബിഎ.ലോകപ്രശസ്തമായ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്നും പരിശീലനം നേടിയിട്ടുള്ള ഇവർ ഇന്റർനാഷണൽ കോച്ചിംഗ് ഫെഡറേഷന്റെ അംഗീകൃത പരിശീലക കൂടിയാണ്. യുകെയിൽ സോഷ്യൽ ഹൗസിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ഏക മലയാളി എന്ന പ്രത്യേകതയും ഹണിക്കുണ്ട്. ഹൗസിംഗ് നിയമങ്ങളിലും പോളിസികളിലുമുള്ള ഇവരുടെ അറിവ് സാധാരണക്കാർക്കിടയിൽ ഹണിക്ക് വലിയ സ്വീകാര്യത നൽകുന്നു.
നോർബറി പാർക്കിൽ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ
വിജയസാധ്യത കുറഞ്ഞ, ലേബർ പാർട്ടിയുടെ കുത്തക സീറ്റിലാണ് ഹണി മത്സരിക്കുന്നത് എന്നത് ഈ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.
-
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്ക്: നോർബറി പാർക്ക് വാർഡിൽ ലേബർ പാർട്ടി സ്ഥാനാർത്ഥികൾ ഏകദേശം 400-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. കൺസർവേറ്റീവ് പാർട്ടിക്ക് ഇവിടെ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
-
പോരാട്ടം: ഈ വോട്ട് വിടവ് നികത്തി വിജയിക്കുക എന്നത് ഹണിക്ക് വലിയ വെല്ലുവിളിയാണ്. ആഫ്രിക്കൻ വംശജനായ ഡോൺ ചാൾസ് ലംബർട്ടാണ് ഹണിക്കൊപ്പം സഹസ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
ലേബർ പാർട്ടിയുടെ പാനൽ വോട്ടുകളെ മറികടന്ന് ഹണി പ്രേംലാൽ അട്ടിമറി വിജയം നേടുമോ എന്നാണ് മലയാളി സമൂഹം ഉറ്റുനോക്കുന്നത്.