Sathyian Nedumancherriyil

Subject : ട്രംപിനെ മെരുക്കാന്‍ സ്റ്റാര്‍മറുടെ മാസ്റ്റര്‍ മൂവ്; ഇന്ത്യന്‍ വംശജനായ വരുണ്‍ ചന്ദ്ര യുഎസിലേക്ക്

ട്രംപിനെ മെരുക്കാന്‍ സ്റ്റാര്‍മറുടെ മാസ്റ്റര്‍ മൂവ്; ഇന്ത്യന്‍ വംശജനായ വരുണ്‍ ചന്ദ്ര യുഎസിലേക്ക്

ട്രംപിനെ മെരുക്കാന്‍ സ്റ്റാര്‍മറുടെ മാസ്റ്റര്‍ മൂവ്; ഇന്ത്യന്‍ വംശജനായ വരുണ്‍ ചന്ദ്ര യുഎസിലേക്ക്.

ട്രംപിനെ മെരുക്കാന്‍ സ്റ്റാര്‍മറുടെ നീക്കം; ഇന്ത്യന്‍ വംശജനായ വരുണ്‍ ചന്ദ്രയെ യുഎസിലേക്ക് അയയ്ക്കുന്നു

ലണ്ടന്‍: ഗ്രീന്‍ലാന്‍ഡ് വിഷയം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത്. നേരത്തെ ഡോണള്‍ഡ് ട്രംപിന്റെ ടാരിഫ് യുദ്ധം സൃഷ്ടിച്ച വിള്ളലുകള്‍ കൂടുതല്‍ വലുതാക്കുന്നതാണ് ഗ്രീന്‍ലാന്‍ഡിനെക്കുറിച്ചുള്ള അമേരിക്കയുടെ അവകാശവാദങ്ങള്‍. ഇതോടെ, അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും ശക്തിപ്പെടുത്താനും യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമം ശക്തമാക്കിയിരിക്കുകയാണ്.

അമേരിക്കയുടെ സ്വാഭാവിക സഖ്യകക്ഷിയായി കണക്കാക്കപ്പെടുന്ന ബ്രിട്ടനാണ് ഈ നീക്കത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്. അമേരിക്കയുമായുള്ള വാണിജ്യ-വ്യാപാര ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ഒരു പ്രത്യേക പ്രതിനിധിയെ യുഎസിലേക്ക് നിയോഗിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ മുഖ്യ ബിസിനസ് ഉപദേഷ്ടാവും ഇന്ത്യന്‍ വംശജനുമായ വരുണ്‍ ചന്ദ്രയാണ് ഈ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസാണ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അദ്ദേഹത്തിന്റെ നിയമനം സ്ഥിരീകരിച്ചത്.

വ്യാപാരം, നിക്ഷേപം എന്നിവ ഉള്‍പ്പെടെ അമേരിക്കയില്‍ ബ്രിട്ടന്‍ പുലര്‍ത്തുന്ന സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാനും വികസിപ്പിക്കാനും ഉള്ള ശ്രമങ്ങള്‍ക്ക് ഇനി മുതല്‍ വരുണ്‍ ചന്ദ്ര നേതൃത്വം നല്‍കും. ഗ്രീന്‍ലാന്‍ഡ് വിഷയത്തിന് പുറമെ, അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത നാറ്റോ സൈനികരെ അവഹേളിക്കുന്ന തരത്തിലുള്ള ട്രംപിന്റെ പരാമര്‍ശങ്ങളും ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.

കഴിഞ്ഞയാഴ്ച യുഎസിലെ ബ്രിട്ടീഷ് സ്ഥാനപതിയായി നിയമിതനായ ക്രിസ്ത്യന്‍ ടേര്‍ണറുമായി സഹകരിച്ചായിരിക്കും വരുണ്‍ ചന്ദ്ര പ്രവര്‍ത്തിക്കുക. മുന്‍പ് അമേരിക്കയിലെ ബ്രിട്ടീഷ് സ്ഥാനപതി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു.

ബീഹാറില്‍ നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകനായി ബ്രിട്ടനിലാണ് വരുണ്‍ ചന്ദ്ര ജനിച്ചതും വളര്‍ന്നതും. അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്ട്‌നിക്, ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് തുടങ്ങിയ പ്രമുഖ അമേരിക്കന്‍ ഭരണകൂട പ്രതിനിധികളുമായും ശക്തമായ ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം.

ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുമെങ്കിലും, യുഎസിലേക്ക് ഇടയ്ക്കിടെ സന്ദര്‍ശനങ്ങള്‍ നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.