Sathyian Nedumancherriyil

Subject : ബ്രെക്സിറ്റ് വിഷയത്തിൽ കർശന നിയന്ത്രണവുമായി പ്രധാനമന്ത്രി ആന്റി ബർൺഹാം; മന്ത്രിമാർക്ക് താക്കീത്.

ബ്രെക്സിറ്റ് വിഷയത്തിൽ കർശന നിയന്ത്രണവുമായി പ്രധാനമന്ത്രി ആന്റി ബർൺഹാം; മന്ത്രിമാർക്ക് താക്കീത്.

ലണ്ടൻ:  മുൻ കൺസർവേറ്റീവ് സർക്കാരിന്റെ ബ്രെക്സിറ്റ് കരാർ രാജ്യത്തിന് ദോഷം ചെയ്തെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെക്കാൾ കഠിനമായിരുന്നു അതെന്നും പ്രധാനമന്ത്രി ആന്റി ബർൺഹാം കുറ്റപ്പെടുത്തി. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദീർഘകാല നയങ്ങൾ രൂപീകരിക്കുന്നതുവരെ മന്ത്രിമാർ ഈ വിഷയത്തിൽ പരസ്യമായി അഭിപ്രായപ്രകടനങ്ങൾ നടത്തരുതെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകി.

സ്വതന്ത്ര സഞ്ചാരത്തിനുള്ള സാധ്യതകൾ വീണ്ടും തുറന്നുകിട്ടുമെന്ന ആശങ്ക ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് ഉൾപ്പെടെയുള്ള മന്ത്രിമാർ പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. സർക്കാർ തലത്തിൽ ഐക്യവും അച്ചടക്കവും നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും, വ്യക്തിപരമായി മന്ത്രിമാർ അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ലെന്നും ബർൺഹാം മുന്നറിയിപ്പ് നൽകി. ലേബർ പാർട്ടിയുടെ 2024 ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് ഘട്ടംഘട്ടമായാണ് മാറ്റങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

അടുത്ത മാസം നടക്കുന്ന യൂറോപ്യൻ ഉച്ചകോതിയോടെ ഇതിന്റെ പ്രാരംഭ നടപടികൾ ഔദ്യോഗികമായി ആരംഭിക്കും. യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയനും സിംഗിൾ മാർക്കറ്റിനും പുറത്തുനിൽക്കുമെന്നും, സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കില്ലെന്നും നിലവിലെ പത്രികയിൽ വ്യക്തമാക്കുന്നുണ്ട്. ഭാവിയിലെ വലിയ മാറ്റങ്ങൾ അടുത്ത പാർലമെന്റും ജനങ്ങളും തീരുമാനിക്കേണ്ട കാര്യമാണെന്നും, ഇതിൽ കാബിനറ്റ് കൂട്ടായ ഉത്തരവാദിത്തം പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയിൽ കൺസർവേറ്റീവ് നേതാവ് കെമി ബേഡനക്കുമായുള്ള ചർച്ചയിലും ബ്രെക്സിറ്റ് തന്നെയായിരുന്നു പ്രധാന വിഷയം. വോട്ടെടുപ്പിന് ശേഷം കൃത്യമായ പദ്ധതിയൊന്നുമില്ലാതെ ബ്രിട്ടൻ സ്തംഭനാവസ്ഥയിലായെന്ന് ബർൺഹാം കുറ്റപ്പെടുത്തി. എന്നാൽ എനർജി ബില്ലിലെ വാറ്റ് ഒഴിവാക്കുന്നത് പോലുള്ള ബ്രെക്സിറ്റിന്റെ അനുകൂല ഘടകങ്ങളാണ് അദ്ദേഹം പ്രയോജനപ്പെടുത്തുന്നതെന്നും, അതിനാൽ നന്ദിയാണ് പറയേണ്ടതെന്നും ബേഡനക് തിരിച്ചടിച്ചു.