ഭർത്താവ് മരുന്ന് നൽകി അപമാനിച്ചു, അപരിചിതരായ പുരുഷന്മാരെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി: യുകെയിൽ ഞെട്ടിക്കുന്ന വിചാരണ നടപടികൾ ആരംഭിച്ചു.
വിൻചെസ്റ്റർ (യുകെ): സ്വന്തം ഭാര്യക്ക് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി, വർഷങ്ങളോളം അപരിചിതരായ പുരുഷന്മാരെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ക്രൂരമായി ലൈംഗികമായി അപമാനിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ യുകെയിൽ വിചാരണ നടപടികൾ ആരംഭിച്ചു. ഇരയായ ജോവാൻ യംഗ് (49) എന്ന സ്ത്രീയുടെ മുൻഭർത്താവ് ഫിലിപ്പ് യംഗ് (50) കുറ്റം സമ്മതിച്ചതിനെ തുടർന്ന്, കേസിൽ ഉൾപ്പെട്ട മറ്റ് നാല് പുരുഷന്മാരുടെ വിചാരണയാണ് വിൻചെസ്റ്റർ ക്രൗൺ കോടതിയിൽ ആരംഭിച്ചത്.
വിലക്കപ്പെട്ട ലൈംഗിക വെബ്‌സൈറ്റുകളിലൂടെയാണ് ഫിലിപ്പ് യംഗ് അപരിചിതരായ ആളുകളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചിരുന്നത്. മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയും കണ്ണ് കെട്ടിയും കയ്യും കാലും ബന്ധിച്ച നിലയിലുമാണ് ഇയാൾ ഭാര്യയെ ഇരയാക്കിയിരുന്നത്. ഇത്തരത്തിൽ 2016 മുതൽ 2023 വരെയുള്ള കാലയളവിൽ അതിക്രമം നടത്തിയ കോനർ സാൻഡേഴ്‌സൺ-ഡോയൽ (32), റിച്ചാർഡ് വിൽക്കിൻസ് (62), നോർമൻ മാക്‌സണി (48), മുഹമ്മദ് ഹസ്സൻ (38) എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്നത്. എന്നാൽ ഇവർ ആരോപണങ്ങൾ നിഷേധിച്ചു.
മൂന്ന് മക്കളുടെ അമ്മയായ ജോവാൻ യംഗിന് തന്റെ ജീവിതത്തിൽ നടന്നിരുന്ന ഈ ദാരുണമായ സംഭവങ്ങളെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. 2023-ൽ ലൈംഗിക അതിക്രമത്തിനിടയിൽ അപരിചിതനായ ഒരാളുടെ സാന്നിധ്യം യാദൃച്ഛികമായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് ഇവർ തിരിച്ചറിയുന്നത്. തുടർന്ന് സോഷ്യൽ മീഡിയയിൽ ഇയാൾ അപ്‌ലോഡ് ചെയ്ത വീഡിയോകളെക്കുറിച്ചുള്ള സന്ദേശം ലഭിച്ച പോലീസെത്തി ഫിലിപ്പ് യംഗിന്റെ വീട്ടിൽ പരിശോധന നടത്തുകയും ഡിജിറ്റൽ തെളിവുകൾ സമാഹരിക്കുകയുമായിരുന്നു. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജോവാൻ യംഗിന് പൂർണ്ണ സമ്മതമുണ്ടായിരുന്നു എന്നാണ് പ്രതികളായ നാലുപേരും ഉന്നയിക്കുന്ന വാദം. എന്നാൽ ഒരു സ്ത്രീ അബോധാവസ്ഥയിൽ കിടക്കുമ്പോൾ മറ്റൊരാളുടെ വാക്ക് മാത്രം കേട്ട് ഇത്തരം അതിക്രമങ്ങളിൽ പങ്കാളികളാകുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.