രാത്രിയെ പകലാക്കാൻ ബഹിരാകാശത്ത് കൂറ്റൻ കണ്ണാടികൾ; കാലിഫോർണിയയിൽ പരീക്ഷണം.
കാലിഫോർണിയ: രാത്രി സമയങ്ങളിൽ ആകാശം പെട്ടെന്ന് വെട്ടിത്തിളങ്ങുന്നത് കണ്ട് കാലിഫോർണിയയിലെ ഒരു ഗ്രാമപ്രദേശത്തുള്ള ജനങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. അവിടുത്തെ മലനിരകളിൽ നിന്ന് അതിശക്തമായ പ്രകാശം താഴെയുള്ള മരുഭൂമിയിലേക്ക് പതിക്കുന്നതാണ് അവർ കണ്ടത്. നഗരങ്ങളിൽ തെരുവ് വിളക്കുകൾക്ക് പകരമായും, കൃഷിക്ക് ആവശ്യമായ സൂര്യപ്രകാശം എത്തിക്കാനും, രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കാനും ലക്ഷ്യമിട്ട് ബഹിരാകാശത്ത് ആയിരക്കണക്കിന് കൂറ്റൻ കണ്ണാടികൾ സ്ഥാപിച്ച് സൂര്യപ്രകാശം ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാനുള്ള ഒരു യുഎസ് സ്റ്റാർട്ടപ്പ് കമ്പനിയുടെ പരീക്ഷണമായിരുന്നു ഇത്. ലോൺ പൈൻ നഗരത്തിന് സമീപമുള്ള സീറ നെവാഡ മേഖലയിലായിരുന്നു ഈ വിചിത്രമായ പരീക്ഷണം നടന്നത്.
‘റിഫ്ലക്റ്റ് ഓർബിറ്റൽ’ (Reflect Orbital) എന്ന കമ്പനിയാണ് വരും ദശകത്തിൽ 50,000 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് ഭൂമിയുടെ ചില ഭാഗങ്ങളെ രാത്രിയിൽ പ്രകാശിപ്പിക്കുക എന്ന സയൻസ് ഫിക്ഷൻ പോലുള്ള ലക്ഷ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത വർഷം ഒരു പരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാൻ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) ഇവർക്ക് അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ, പരിസ്ഥിതി പ്രവർത്തകരും ജ്യോതിശാസ്ത്രജ്ഞരും ഈ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാത്രിയും പകലും തമ്മിലുള്ള സ്വാഭാവികമായ വേർതിരിവിനെ ഇത് ദോഷകരമായി ബാധിക്കുമെന്നും മനുഷ്യരുടെ ഉറക്കം, വന്യജീവികളുടെ ജീവിതം, നക്ഷത്രനിരീക്ഷണത്തിനുള്ള അവസരം എന്നിവ തകരാറിലാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ഈ പദ്ധതിക്കെതിരെ നിയമപരമായ പോരാട്ടങ്ങളും ആരംഭിച്ചിട്ടുണ്ട്. വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മറ്റ് ഉപഗ്രഹങ്ങളെപ്പോലെ തന്നെ, ഈ മിറർ ഉപഗ്രഹങ്ങളും വെളിച്ച മലിനീകരണം വർദ്ധിപ്പിക്കുകയും ബഹിരാകാശ മാലിന്യങ്ങൾ കൂടാൻ കാരണമാകുകയും ചെയ്യും. മാത്രമല്ല, രാത്രിയിൽ അതിശക്തമായ സൂര്യപ്രകാശം കണ്ണിൽ പതിക്കുന്നത് കാഴ്ചശക്തിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്.