നെറ്റ്വർക്കിംഗ് ഭീമൻ നേഷൻവൈഡിൽ വീണ്ടും പിരിച്ചുവിടൽ; 275 ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടും.
ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ സാമ്പത്തിക സ്ഥാപനമായ നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി (Nationwide Building Society) 275 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നു. വെർജിൻ മണി (Virgin Money) ബാങ്കിനെ 2.9 ബില്യൺ പൗണ്ടിന് ഏറ്റെടുത്തതിനെ തുടർന്ന് പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന്റെയും തസ്തികകളിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.
മോർട്ട്ഗേജ് വിഭാഗം, എച്ച്.ആർ (HR), ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ ഓഫീസ്, കസ്റ്റമർ ഓപ്പറേഷൻസ്, കമ്മ്യൂണിക്കേഷൻസ്, ഫിനാൻസ് എന്നീ ബാക്ക്-ഓഫീസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഈ തീരുമാന ബാധിക്കുക. എന്നാൽ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന ബ്രാഞ്ച് ജീവനക്കാരെ പിരിച്ചുവിടലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2030 വരെ 700 ശാഖകളും തുറന്നു പ്രവർത്തിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
കഴിഞ്ഞ ജൂണിൽ 600-ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതിനു പിന്നാലെയാണ് പുതിയ നീക്കം. വെർജിൻ മണിയെ ഏറ്റെടുത്തതോടെ സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ എണ്ണം 27,000ത്തോളമായി ഉയർന്നിരുന്നു. ബാധിക്കപ്പെടുന്ന ജീവനക്കാർക്ക് പുനരധിവാസത്തിനും പുനഃപരിശീലനത്തിനുമുള്ള പിന്തുണ നൽകുമെന്നും, കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുടെ ഉപയോഗമല്ല ഈ പിരിച്ചുവിടലിന് കാരണമെന്നും നേഷൻവൈഡ് വക്താവ് വ്യക്തമാക്കി.