ഓസ്റ്റിന് പിന്നാലെ ‘ബൂലോ’; അയർലൻഡിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, വിവിധ കൗണ്ടികളിൽ ഓറഞ്ച് മുന്നറിയിപ്പ്!
ഡബ്ലിൻ: ഓസ്റ്റിൻ കൊടുങ്കാറ്റ് വിതച്ച ദുരിതങ്ങൾ ഒഴിയുന്നതിന് മുൻപേ അയർലൻഡിനെ ആശങ്കയിലാഴ്ത്തി ‘ബൂലോ’ കൊടുങ്കാറ്റ് എത്തുന്നു. കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ രാജ്യത്തെ വിവിധ കൗണ്ടികളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഏറൻ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രത്യേകിച്ച് വടക്കൻ, പടിഞ്ഞാറൻ മേഖലകളെയായിരിക്കും കൊടുങ്കാറ്റ് രൂക്ഷമായി ബാധിക്കുക.
കെറി, ഗാൾവേ കൗണ്ടികളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഡോണഗൽ, ഗാൾവേ, ലിട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിൽ കനത്ത കാറ്റിനുള്ള ഓറഞ്ച് മുന്നറിയിപ്പും നിലവിലുണ്ട്. തീരദേശങ്ങളിൽ ഉയർന്ന തിരമാലകൾ അടിക്കാനും കടൽവെള്ളം കരയിലേക്ക് കയറാനും സാധ്യതയുണ്ട്.
അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതിബന്ധം തടസ്സപ്പെടാനും ഗതാഗതം മുടങ്ങാനും വലിയ സാധ്യതയാണുള്ളത്. ഓസ്റ്റിൻ കൊടുങ്കാറ്റിനെത്തുടർന്ന് പെയ്ത മഴയിൽ മണ്ണിൽ ജലം നിറഞ്ഞുനിൽക്കുന്നതും നദികളിലെ ജലനിരപ്പ് ഉയർന്നതും നിലവിലെ ആശങ്ക ഇരട്ടിയാക്കുന്നു. വീണ്ടും കനത്ത മഴയെത്തുന്നതോടെ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാകും.
അയർലൻഡിന് പുറമെ വടക്കൻ അയർലൻഡിലെ ഡെറി, ആന്റ്രിം കൗണ്ടികളിലും ശക്തമായ കാറ്റിനെത്തുടർന്ന് ആംബർ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റും മഴയും കാരണം പൊതുഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടാനും വൈദ്യുതി വിതരണം മുടങ്ങാനും സാധ്യതയുള്ളതിനാൽ അടിയന്തര സാഹചര്യങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും പ്രദേശവാസികളോട് അധികൃതർ അഭ്യർത്ഥിച്ചു.