ജർമ്മനിയിലെ ചരിത്രപ്രസിദ്ധമായ നാസി സ്മാരകത്തിൽ വൻ തീപിടിത്തം; കനത്ത നാശനഷ്ടമെന്ന് അധികൃതർ.
ബെർച്സ്ഗഡൻ : ഹിറ്റ്ലറുടെ മുൻകാല പർവത സങ്കേതമായ ജർമ്മനിയിലെ പ്രശസ്തമായ ‘ഈഗിൾസ് നെസ്റ്റ്’ (Eagle’s Nest – Kehlsteinhaus) കെട്ടിടത്തിന് തീപിടിച്ച് വ്യാപകമായി നശിച്ചു. ബവേറിയയിലെ ഒബെർസാൽസ്ബർഗ് പർവതനിരകളിൽ 1,834 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്ര സ്മാരകത്തിൽ വെള്ളിയാഴ്ച രാത്രിയാണ് വൻ തീപിടിത്തമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഏകദേശം 200-ഓളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും, ഉയർന്ന പ്രദേശമായതിനാലും കനത്ത പുക കാരണവും രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ആറ് മുനിസിപ്പാലിറ്റികളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും റെഡ്ക്രോസും പൊലീസും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ഭൂരിഭാഗവും പൂർണ്ണമായി കത്തിനശിച്ചതായും വീണ്ടെടുക്കാൻ കഴിയാത്ത വിധം കേടുപാടുകൾ സംഭവിച്ചതായും പൊലീസ് വക്താവ് അറിയിച്ചു. സംഭവത്തിന് പിന്നിൽ തീവെപ്പാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
നാസി ഭരണകൂടത്തിന്റെ ക്രൂരതകളുടെ സ്മാരകമായി സംരക്ഷിക്കപ്പെട്ടിരുന്ന ഈഗിൾസ് നെസ്റ്റ്, 1939-ൽ ഹിറ്റ്ലറുടെ ജന്മദിനത്തിലാണ് ഔദ്യോഗികമായി തുറന്നത്. പർവത തുരങ്കത്തിലൂടെയുള്ള പ്രത്യേക ലിഫ്റ്റ് വഴിയാണ് ഇവിടെ എത്തിയിരുന്നത്. 1952 മുതൽ ഇവിടെ നാസി ചരിത്രം വിവരിക്കുന്ന പ്രദർശനശാലയും ഒരു റെസ്റ്റോറന്റും പ്രവർത്തിച്ചുവരികയായിരുന്നു.