Sathyian Nedumancherriyil

Subject : ടിബറ്റിൽ പ്രകമ്പനം സൃഷ്ടിച്ച് ശക്തമായ ഭൂകമ്പം; 16 മരണം, നൂറുകണക്കിന് വീടുകൾ തകർന്നു.

ടിബറ്റിൽ പ്രകമ്പനം സൃഷ്ടിച്ച് ശക്തമായ ഭൂകമ്പം; 16 മരണം, നൂറുകണക്കിന് വീടുകൾ തകർന്നു.

നാഗ്ചു : ടിബറ്റിലെ വടക്കൻ നഗരമായ നാഗ്ചുവിൽ (Nagqu) ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ കുറഞ്ഞത് 16 പേർ കൊല്ലപ്പെടുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് വീടുകളും തകർന്നടിഞ്ഞതായി നാഗ്ചു മീഡിയ ഓഫീസ് അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് ചൈനീസ് ദേശീയ ബ്രോഡ്കാസ്റ്ററായ സിസിടിവി (CCTV) വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി 10:33ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാഗ്ചുവിന് 119 മൈൽ കിഴക്ക്-വടക്കുകിഴക്കായി, ഉയർന്ന പ്രദേശത്താണ് പ്രഭവകേന്ദ്രം. 339-ലധികം വീടുകളും 20 കന്നുകാലി തൊഴുത്തുകളും തകർന്നു. തുടർന്ന് 1,600-ലധികം രക്ഷാപ്രവർത്തകരെയും 300-ഓളം പോലീസുകാരെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചു. ആയിരം പ്രീഫാബ്രിക്കേറ്റഡ് വീടുകളും അയ്യായിരത്തോളം ടെന്റുകളും ശീതകാല വസ്ത്രങ്ങളും പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

ഭൂകമ്പത്തെത്തുടർന്ന് ചില പ്രദേശങ്ങളിലെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായി. ദേശീയ പാത 317-ൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അടുത്ത മൂന്ന് ദിവസങ്ങളിൽ പ്രദേശത്ത് ഇടവിട്ട് മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടിട്ടുണ്ട്.

ടിബറ്റ് മേഖലയിൽ ഭൂകമ്പങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ ടിബറ്റിലെ ടിങ്‌രി കൗണ്ടിയിലുണ്ടായ ഭൂകമ്പത്തിൽ 126 പേർ കൊല്ലപ്പെട്ടിരുന്നു. ഉയർന്ന പർവതനിരകളും ഭൂകമ്പ സാധ്യതാ മേഖലയുമായതിനാൽ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായി തുടരുകയാണ്.