യുകെയിൽ യുവാക്കൾക്കായി ക്ഷേമപദ്ധതികളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആൻഡി ബർണാം; ‘കുട്ടികളുടെ ലോട്ടറി’ റിപ്പോർട്ട് പുറത്ത്.
ലണ്ടൻ: യുകെയിൽ ചെറുപ്പക്കാർക്കിടയിൽ ജോലിയില്ലായ്മയും പഠനത്തിൽ നിന്നുള്ള വിട്ടുനിൽക്കലും (Neet) വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ ക്ഷേമ പദ്ധതികളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് രാഷ്ട്രീയ നേതാവ് ആൻഡി ബർണാം. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇംഗ്ലണ്ട് ചിൽഡ്രൻസ് കമ്മീഷണർ ഡേം റെയ്ച്ചൽ ഡി സൂസ പുറത്തുവിട്ട ‘ദി ചൈൽഡ്ഹുഡ് ലോട്ടറി’ എന്ന നിർണ്ണായക റിപ്പോർട്ടിന് പിന്നാലെയാണ് ബർഹാമിന്റെ പ്രതികരണം. പുതിയ തലമുറയ്ക്ക് കൃത്യമായ പിന്തുണ നൽകുന്നതിൽ രാഷ്ട്രീയം പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുകെയിൽ നിലവിലുള്ള വെൽഫെയർ സിസ്റ്റം ആനുകൂല്യങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങുകയാണെന്നും, ഇതിന് പകരം യുവാക്കളുടെ കഴിവും താല്പര്യവും വളർത്തിയെടുക്കുന്ന രീതിയിലേക്ക് സംവിധാനം മാറണമെന്നും ബർണാം വ്യക്തമാക്കി. യുവാക്കൾക്ക് തൊഴിൽ, പഠന അവസരങ്ങൾ ഒരുക്കി നൽകുമെന്നും എന്നാൽ അത് പ്രയോജനപ്പെടുത്തേണ്ട ഉത്തരവാദിത്തം അവർക്കുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ സാമ്പത്തിക സഹായങ്ങൾ ആനുകൂല്യം എന്ന നിലയിലല്ലാതെ അവസാനത്തെ മാർഗ്ഗം (backstop) മാത്രമായി മാറ്റാനാണ് തീരുമാനം.
അതേസമയം, ഡേം റെയ്ച്ചൽ ഡി സൂസയുടെ റിപ്പോർട്ടിൽ യുകെയിലെ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തുറന്നുകാട്ടുന്നുണ്ട്. രാജ്യത്തെ വിവിധ മേഖലകളിൽ വളരുന്ന കുട്ടികളുടെ ജീവിത സാഹചര്യങ്ങളിൽ വലിയ അസമത്വമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ കുട്ടികൾ വളരാൻ ഏറ്റവും പ്രയാസമേറിയ പ്രദേശമായി മിഡിൽസ്ബറോയും, അനുകൂല അന്തരീക്ഷമുള്ള പ്രദേശമായി ചെഷയർ ഈസ്റ്റും തിരഞ്ഞെടുക്കപ്പെട്ടു.
യുകെയിൽ 16-നും 24-നും ഇടയിൽ പ്രായമുള്ള ഏകദേശം പത്ത് ലക്ഷത്തോളം ചെറുപ്പക്കാർ തൊഴിലോ വിദ്യാഭ്യാസമോ പരിശീലനമോ ഇല്ലാത്ത അവസ്ഥയിലാണ്. കൂടാതെ 10 ലക്ഷത്തിലധികം കുട്ടികൾ മാനസികാരോഗ്യ സേവനങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെറുപ്പക്കാർക്ക് കൃത്യമായ പിന്തുണയും അവസരങ്ങളും നൽകി അവരെ മുൻനിരയിലേക്ക് കൊണ്ടുവരാനാണ് അധികൃതരുടെ നീക്കം.