Sathyian Nedumancherriyil

Subject : നോട്ടീങ്ഹാമിൽ പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു: നാല് പേർ അറസ്റ്റിൽ.

നോട്ടീങ്ഹാമിൽ പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു: നാല് പേർ അറസ്റ്റിൽ.

നോട്ടീങ്ഹാം: യുകെയിലെ നോട്ടീങ്ഹാം സിറ്റി സെന്ററിൽ പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ രണ്ട് സംശയാസ്പദമായ വ്യക്തികളെ സമീപിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥന് കാലിൽ വെടിയേറ്റത്. ഷോട്ട്ഗണിൽ നിന്നുള്ള വെടിയുണ്ടയാണെന്നാണ് നിഗമനം. പരിക്കേറ്റ ഉദ്യോഗസ്ഥൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികൾക്കായി നടത്തിയ രാജ്യവ്യാപക തിരച്ചിലിനൊടുവിലാണ് അറസ്റ്റ്. മാരകമായി പരിക്കേൽപ്പിക്കാൻ ശ്രമിച്ചതിനും തോക്ക് കൈവശം വെച്ചതിനും 27 കാരിയായ ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിന് 24-കാരനായ യുവാവിനെയും 25-കാരിയായ യുവതിയെയും നോട്ടീങ്ഹാമിലെ റെഡ്ഫോർഡിൽ വെച്ച് വാഹനം തടഞ്ഞാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവർക്ക് പുറമേ 30 വയസ്സുള്ള മറ്റൊരു യുവാവിനെയും ബെഡ്ഫോർഡ്ഷയറിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ നാല് പേരെയും നിലവിൽ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവം ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നോട്ടീങ്ഹാംഷയർ പോലീസ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ക്ലെയർ റൂക്കാസ് വ്യക്തമാക്കി.