സ്ത്രീ രാഷ്ട്രീയപ്രവർത്തകർക്ക് നേരെ ഡിപ്ഫേക്ക് നഗ്നചിത്രങ്ങളെന്ന് യൂറോപ്യൻ പാർലമെന്റ് അംഗം; ശക്തമായ നടപടി ആവശ്യപ്പെട്ട് ലെന ഷില്ലിംഗ്.
ബ്രാസൽസ്: സ്ത്രീ രാഷ്ട്രീയപ്രവർത്തകർക്ക് നേരെ ഓൺലൈനിൽ വ്യാപകമായി നടത്തുന്ന വ്യാജ നഗ്നചിത്രങ്ങളുടെ (Nude Deepfakes) ചൂഷണത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഓസ്ട്രിയൻ യൂറോപ്യൻ പാർലമെന്റ് അംഗം (MEP) ലെന ഷില്ലിംഗ് (Lena Schilling). തന്റെ സമ്മതമില്ലാതെ തന്റെ തന്നെ ചിത്രങ്ങൾ ഡിജിറ്റലായി മാറ്റം വരുത്തി നഗ്നചിത്രങ്ങളാക്കി മാറ്റിയതിനെതിരെ രംഗത്തുവന്ന അവർ, ഇത് സ്ത്രീകൾക്കെതിരെയുള്ള ‘ഡിജിറ്റൽ അതിക്രമവും’ ജനാധിപത്യത്തിന് മേലുള്ള ഭീഷണിയുമാണെന്ന് വിശേഷിപ്പിച്ചു. ബെർലിൻ ആസ്ഥാനമായുള്ള ‘അഗോറ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ’ (ADT) എന്ന തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പ്രകാരം, യൂറോപ്യൻ പാർലമെന്റിലെ ആറിലൊന്ന് വനിതാ എംഇപിമാരും ഇത്തരം ലിംഗാധിഷ്ഠിത AI നിർമ്മിത ഉള്ളടക്കങ്ങൾക്ക് ഇരകളായിട്ടുണ്ട്.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യകാല പത്രസമ്മേളനങ്ങളിലൊന്നിലെ ചിത്രങ്ങളാണ് കുറ്റവാളികൾ വസ്ത്രങ്ങൾ നീക്കം ചെയ്തുകൊണ്ട് ഡീപ്ഫേക്ക് ദൃശ്യങ്ങളാക്കി മാറ്റിയത്. തന്നെ അപമാനിക്കാനും മാനസികമായി തളർത്താനുമുള്ള ലക്ഷ്യത്തോടെയാണ് ഈ ചിത്രങ്ങൾ ഉപയോഗിച്ചതെന്ന് ഗ്രീൻ പാർട്ടി അംഗമായ ലെന ഷില്ലിംഗ് വ്യക്തമാക്കി. ഇതുപോലെയുള്ള സൈബർ അതിക്രമങ്ങൾ ഭയന്ന് പല വനിതാ രാഷ്ട്രീയപ്രവർത്തകരും ഇത്തരം അനുഭവങ്ങൾ പുറത്തുപറയാൻ മടിക്കുകയാണെന്നും എന്നാൽ ഈ പ്രവണത ഇവിടെ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് നേരെ പുരുഷന്മാരേക്കാൾ 33 മടങ്ങ് അധികമായി ഇത്തരം ഡപ്ഫേക്ക് അശ്ലീല ഉള്ളടക്കങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡിസംബർ 2-ന് യൂറോപ്യൻ യൂണിയനിൽ നടപ്പിലാക്കാൻ പോകുന്ന, സ്ത്രീകളുടെ ചിത്രങ്ങൾ AI ഉപയോഗിച്ച് നഗ്നമാക്കുന്ന ‘നഡിഫയർ’ (Nudifier) ആപ്പുകൾക്കും വെബ്സൈറ്റുകൾക്കുമെതിരെയുള്ള നിരോധനം കേവലം കടലാസിൽ ഒതുങ്ങരുതെന്നും, അത് കർശനമായി നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ലെന ഷില്ലിംഗും ജർമ്മൻ ഗ്രീൻ എംഇപി ടെറി റീൻഡ്കെയും ചേർന്ന് 119 എംഇപിമാരുടെ ഒപ്പുവച്ച കത്ത് ഇയു അധികാരികൾക്ക് കൈമാറി.
രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ഏതൊരു യുവതിയും ഇത്തരം ഡിജിറ്റൽ അതിക്രമങ്ങളെ ഭയപ്പെടാത്ത സാഹചര്യം ഉറപ്പാക്കണമെന്നും, ടെക് കമ്പനികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ അംഗരാജ്യങ്ങൾ തയ്യാറാകണമെന്നും ലെന ഷില്ലിംഗ് ആവശ്യപ്പെട്ടു. സ്ത്രീകളുടെ ശരീരത്തിന്മേലുള്ള നിയന്ത്രണവും അവഹേളനവുമാണ് ഇത്തരം ആപ്പുകളുടെ ലക്ഷ്യമെന്നും, ഈ അവസ്ഥ തുടരാൻ അനുവദിക്കാനാകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.