Sathyian Nedumancherriyil

Subject : കടക്കെണിയിൽ മുങ്ങി തീംസ് വാട്ടർ: തകർച്ച ഒഴിവാക്കാൻ 2.4 ശതകോടി പൗണ്ട് കൂടി ആവശ്യപ്പെട്ടു!.

കടക്കെണിയിൽ മുങ്ങി തീംസ് വാട്ടർ: തകർച്ച ഒഴിവാക്കാൻ 2.4 ശതകോടി പൗണ്ട് കൂടി ആവശ്യപ്പെട്ടു!.

ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ കുടിവെള്ള വിതരണ കമ്പനിയായ തീംസ് (Thames Water) കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തകർച്ചയുടെ വക്കിൽ. ഈ വർഷം അവസാനത്തോടെയോ അല്ലെങ്കിൽ 2027-ന്റെ തുടക്കത്തിലോ പണം തികയാതെ വരുമെന്ന മുന്നറിയിപ്പിനെ തുടർന്ന്, കമ്പനി കടപ്പത്രക്കാരായ നിക്ഷേപകരോട് (Creditors) 2.4 ശതകോടി പൗണ്ട് കൂടി ആവശ്യപ്പെട്ടു.

ലണ്ടനിലും തീംസ് താഴ്‌വരയിലുമായി ഏകദേശം 1.6 കോടി ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന കമ്പനിയാണ് തീംസ് വാട്ടർ. നിലവിൽ ഏകദേശം 20 ശതകോടി പൗണ്ടിന്റെ ഭീമമായ കടബാധ്യതയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ദീർഘകാല പുനർനിർമ്മാണ കരാറുകളിൽ എത്തുന്നതിന് മുൻപ് തന്നെ കൈവശമുള്ള പണം തീരുമെന്നതിനാലാണ് അടിയന്തരമായി വീണ്ടും സഹായം തേടിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കമ്പനിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ വായ്പാദാതാക്കൾ 3 ശതകോടി പൗണ്ടിന്റെ അടിയന്തര സഹായം നൽകിയിരുന്നു. എന്നാൽ ഇതിൽ 2.65 ശതകോടി പൗണ്ടും കമ്പനി ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു. അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും തുടരുന്നതിനാലാണ് വീണ്ടും ഫണ്ട് ആവശ്യമായി വന്നിരിക്കുന്നത്.

വായ്പാദാതാക്കൾ സമർപ്പിച്ച 4 ശതകോടി പൗണ്ടിന്റെ വായ്പ എഴുതിത്തള്ളൽ പദ്ധതി നിലനിൽക്കുന്നുണ്ടെങ്കിലും, പരിസ്ഥിതി മലിനീകരണത്തിനുള്ള പിഴ ഒഴിവാക്കി നൽകണമെന്ന നിബന്ധന സർക്കാരിന് മുന്നിൽ വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കമ്പനിയെ പൂർണ്ണമായും പൊതു ഉടമസ്ഥതയിലാക്കണമെന്ന (Special Administration) ആവശ്യവും യുകെ രാഷ്ട്രീയത്തിൽ ശക്തമാണ്.