Sathyian Nedumancherriyil

Subject : ഫോസ്റ്റർ കെയർ പ്രതിസന്ധി പരിഹരിക്കാൻ ബ്രിട്ടൻ; പുതിയ റിക്രൂട്ട്മെന്റ് ക്യാമ്പയിനുമായി സർക്കാർ!

ഫോസ്റ്റർ കെയർ പ്രതിസന്ധി പരിഹരിക്കാൻ ബ്രിട്ടൻ; പുതിയ റിക്രൂട്ട്മെന്റ് ക്യാമ്പയിനുമായി സർക്കാർ!

ലണ്ടൻ : രാജ്യത്ത് വളർന്നുവരുന്ന കുട്ടികളുടെ പരിചരണ പ്രതിസന്ധി പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് സർക്കാർ ആദ്യമായി ദേശീയ ഫോസ്റ്റർ കെയർ റിക്രൂട്ട്മെന്റ് ക്യാമ്പയിൻ ആരംഭിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഫോസ്റ്റർ കെയർ കുടുംബങ്ങളുടെ എണ്ണത്തിൽ 10 ശതമാനത്തോളം കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലുള്ള കെയർ ഗിവർമാരിൽ മൂന്നിലൊന്ന് ഭാഗവും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ ആളുകളെ ആകർഷിക്കാനുള്ള പദ്ധതിക്ക് സർക്കാർ തുടക്കമിട്ടിരിക്കുന്നത്.

കെയർ ആവശ്യമായ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുമ്പോൾ, കൂടുതൽ ആളുകളെ ഈ രംഗത്തേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ക്യാമ്പയിൻ. 30-കളും 40-കളും പ്രായമുള്ളവരെ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ പാർട്ട് ടൈം, വാരാന്ത്യ പരിചരണം തുടങ്ങിയ പുതിയ മാതൃകകളും നടപ്പിലാക്കും. കെയർ രംഗത്തേക്ക് കടന്നുവരാൻ താൽപ്പര്യമുള്ള കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും, നിലവിലെ സങ്കീർണ്ണമായ ഉദ്യോഗസ്ഥ മേൽനോട്ടങ്ങൾ ലഘൂകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പടിഞ്ഞാറൻ ലണ്ടനിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം നൂറിലധികം കുട്ടികളെ വളർത്തിയ വിയന്നേറ്റ ബാസ്റ്റർഫീൽഡ് പോലുള്ളവരുടെ അനുഭവങ്ങൾ ഈ മേഖലയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. എന്നാൽ ഉയർന്ന വരുന്ന ജീവിതച്ചെലവുകളും സാമൂഹിക സേവന രംഗത്തെ വെല്ലുവിളികളും കാരണം പലരും ഈ മേഖലയിൽ നിന്ന് പിന്മാറുന്ന പ്രവണതയുണ്ട്. കുട്ടികൾക്ക് മികച്ച കുടുംബ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ഫോസ്റ്റർ കെയർ സംവിധാനം കൂടുതൽ ജനകീയമാക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പാർലമെന്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് 10,000 പുതിയ ഫോസ്റ്റർ കെയർ പ്ലേസുകൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. കുട്ടികൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ശിശുക്ഷേമ മന്ത്രി ജോഷ് മകാലിസ്റ്റർ വ്യക്തമാക്കി. രാജ്യത്തെ ഏതാണ്ട് 80,000-ത്തോളം കുട്ടികൾ നിലവിൽ വിവിധ കെയർ സിസ്റ്റങ്ങൾക്ക് കീഴിലാണ് കഴിയുന്നത്.