അമേരിക്കയിൽ സാമ്പത്തിക വെട്ടിച്ചുരുക്കൽ; മെഡിക്കെയ്ഡ് ഭേദഗതികൾ ജനങ്ങളെ ദുരിതത്തിലാക്കുമെന്ന് മുന്നറിയിപ്പ്!
വാഷിംഗ്ടൺ ഡി.സി : റിപ്പബ്ലിക്കൻ പാർട്ടി കൊണ്ടുവന്ന പുതിയ ആരോഗ്യ പരിഷ്കരണ നിയമങ്ങൾ പ്രാബല്യത്തിൽ വരാനിരിക്കെ കടുത്ത ആശങ്കയിൽ അമേരിക്കൻ ആരോഗ്യ മേഖല. 2027 ജനുവരി 1 മുതൽ മെഡിക്കെയ്ഡ് (Medicaid) ഇൻഷുറൻസ് പദ്ധതിയിൽ നടപ്പിലാക്കുന്ന പുതിയ നിയന്ത്രണങ്ങളാണ് ലക്ഷക്കണക്കിന് സാധാരണക്കാർക്കും ആശുപത്രി അധികൃതർക്കും വൻ തിരിച്ചടിയാകുന്നത്. ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി പ്രതിമാസം കുറഞ്ഞത് 80 മണിക്കൂർ ജോലി ചെയ്യണമെന്ന കർശന നിബന്ധനയാണ് ഇതിൽ പ്രധാനം.
കഴിഞ്ഞ വർഷം ഡോണാൾഡ് ട്രംപ് ഒപ്പുവെച്ച ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ (HR 1) വഴി ഫെഡറൽ ആരോഗ്യ ബജറ്റിൽ നിന്ന് ഏകദേശം 1 ലക്ഷം കോടി ഡോളറിന്റെ വെട്ടിച്ചുരുക്കലാണ് വരുത്തിയത്. ഇതിന് പുറമെ ഒബാമകെയർ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത് മൂലം 2034 ഓടെ 1.7 കോടിയോളം ആളുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. സങ്കീർണ്ണമായ പേപ്പർ വർക്കുകളും ആറുമാസത്തിലൊരിക്കൽ ജോലി തെളിയിക്കേണ്ട അവസ്ഥയും കാരണം അർഹരായവർ പോലും പദ്ധതിക്ക് പുറത്താകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
മെഡിക്കെയ്ഡ് ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാരുടെ ചികിത്സാ ബാധ്യത വർദ്ധിപ്പിക്കുകയും ഗ്രാമീണ മേഖലകളിലെ ആശുപത്രികളുടെ പ്രവർത്തനം താറുമാറാക്കുകയും ചെയ്യും. ഇൻഷുറൻസ് ഇല്ലാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് എമർജൻസി റൂമുകളിലെ തിരക്ക് കൂട്ടാനും ആശുപത്രികൾ സാമ്പത്തിക നഷ്ടത്തിലായി അടച്ചുപൂട്ടാനും വഴിയൊരുക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മുന്നറിയിപ്പ് നൽകുന്നു.
വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലും (midterm elections) അമേരിക്കൻ രാഷ്ട്രീയത്തിലും വലിയ അലയൊലികൾ സൃഷ്ടിക്കുന്ന വിഷയമായി ഇത് മാറിയിട്ടുണ്ട്. നിലവിൽ 8.2 കോടിയോളം ആളുകളാണ് രാജ്യത്ത് മെഡിക്കെയ്ഡ് പദ്ധതിയെ ആശ്രയിച്ച് ജീവിക്കുന്നത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണം കൂടുതൽ പ്രതിസന്ധിയിലാകും.