അയർലൻഡിൽ പൊതുമേഖലാ പണിമുടക്ക് വരുന്നു: ശമ്പളവർദ്ധനവിനായി നഴ്സുമാരും അധ്യാപകരും സമരത്തിലേക്ക്.
ഡബ്ലിൻ: ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ പുതിയ ശമ്പളക്കരാർ വൈകുന്നതിൽ പ്രതിഷേധിച്ച് അയർലൻഡിൽ പൊതുമേഖലാ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ഒക്ടോബർ 14 ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിന് മുന്നോടിയായി, പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ വരുന്ന ശൈത്യകാലത്തും സമരം തുടരുമെന്ന് ഫോർസ (Fórsa) ഉൾപ്പെടെയുള്ള പ്രമുഖ യൂണിയനുകൾ മുന്നറിയിപ്പ് നൽകി. നഴ്സുമാർ, ഡോക്ടർമാർ, അധ്യാപകർ, സിവിൽ സർവീസ് ജീവനക്കാർ എന്നിവരുൾപ്പെടെ മൂന്ന് ലക്ഷത്തിലധികം പേർ സമരത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നഗരങ്ങളിലെ ഉയർന്ന വാടകയും ഇന്ധനം, വൈദ്യുതി, ഭക്ഷണ സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റവും ജീവനക്കാരുടെ കുടുംബബജറ്റിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO) ചൂണ്ടിക്കാണിക്കുന്നു. ഷിഫ്റ്റ് ജോലിയുടെ ഭാഗമായി പൊതുഗതാഗതം ഉപയോഗിക്കാൻ കഴിയാത്ത നഴ്സുമാർക്ക് ഉയർന്ന യാത്രാച്ചെലവ് വലിയൊരു ബാധ്യതയായി മാറിയിട്ടുണ്ട്. ഈ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ഐ.എൻ.എം.ഒ അംഗങ്ങൾ സെപ്റ്റംബർ 30 മുതൽ ‘വർക്ക് ടു റൂൾ’ (Work to rule) സമരത്തിലാണ്.
അതേസമയം, പുതിയ ശമ്പളക്കരാറിനായി 2027 ബജറ്റിൽ 120 കോടി യൂറോ വകയിരുത്തിയിട്ടുണ്ടെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും കണക്കിലെടുക്കുമ്പോൾ ഈ തുക തീർത്തും അപര്യാപ്തമാണെന്ന് യൂണിയനുകൾ പറയുന്നു. ഒക്ടോബർ 14-ന് പുറമെ ഒക്ടോബർ 21-നും പണിമുടക്ക് നടത്തുമെന്ന് സിപ്പ്ടു (SIPTU) പ്രഖ്യാപിച്ചിട്ടുണ്ട്.
സമരം ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഔട്ട്പേഷ്യന്റ്, ഡേ സർവീസുകൾ എന്നിവ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തേക്കാം. എങ്കിലും അത്യാഹിത വിഭാഗങ്ങൾ, ഡയാലിസിസ്, അടിയന്തര കാൻസർ ചികിത്സ, ആംബുലൻസ് സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ തുടരുമെന്ന് എച്ച്.എസ്.ഇ (HSE) അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി ആശുപത്രികളിൽ പോകുന്നവർ മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.