പലിശ നിരക്ക് വർധനവ്; ഓസ്ട്രേലിയയിൽ ഉപഭോക്തൃ ആത്മവിശ്വാസം തൊണ്ണൂറുകൾക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ!
ഓസ്ട്രേലിയ: റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചതിനെ തുടർന്ന് രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം കടുത്ത പ്രതിസന്ധിയിൽ. 1990-കളുടെ തുടക്കത്തിലെ സാമ്പത്തിക മാന്ദ്യ കാലത്തിന് ശേഷം ഓസ്ട്രേലിയൻ കുടുംബങ്ങൾ ഇത്രയധികം ആശങ്ക അനുഭവിക്കുന്നത് ഇതാദ്യമായാണ്. വെസ്റ്റ്പാക്-മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് കൺസ്യൂമർ സെന്റിമെന്റ് ഇൻഡക്സ് പ്രകാരം ഉപഭോക്തൃ ആത്മവിശ്വാസത്തിൽ ഏകദേശം 20 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷത്തെ നാലാമത്തെ പലിശ നിരക്ക് വർദ്ധനവിന് പിന്നാലെ ഒക്ടോബറിലെ കോൺഫിഡൻസ് ഇൻഡക്സ് 4.7% ഇടിഞ്ഞ് 80.4 ശതമാനത്തിലെത്തി. പലിശ നിരക്ക് പ്രഖ്യാപിച്ചതിന് ശേഷം സർവേയിൽ പങ്കെടുത്തവരുടെ ആത്മവിശ്വാസം സൂചിക 67.2 ശതമാനമായി താഴ്ന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ജീവിതച്ചെലവ് വർദ്ധിച്ചതും പെട്രോൾ വില ഉയർന്നതും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഭവന വായ്പ എടുത്തവരാണ് നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആശങ്ക അനുഭവിക്കുന്നത്. ഭവന വിപണിയിലെ തളർച്ചയും പലിശ നിരക്ക് വർദ്ധനവും കാരണം വീട് സ്വന്തമായുള്ളവരുടെ ഇടയിലും നിരാശ വർദ്ധിച്ചിട്ടുണ്ട്. അതേസമയം തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നുവരുന്നുണ്ടെങ്കിലും തൊഴിൽ വിപണി ഇപ്പോഴും വലിയ തകർച്ചകളില്ലാതെ പിടിച്ചുനിൽക്കുന്നുണ്ടെന്ന് വിശകലന വിദഗ്ധർ വിലയിരുത്തുന്നു.
ഉപഭോക്തൃ ആത്മവിശ്വാസം തുടർച്ചയായി ഇടിയുന്നത് രാജ്യത്തെ ഗാർഹിക ചെലവുകളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. ജനങ്ങളുടെ വാങ്ങൽ ശേഷി കുറയുന്നത് വിപണിയിൽ മാന്ദ്യത്തിന് കാരണമായേക്കാം. പലിശ നിരക്ക് വർദ്ധനവും ജീവിതച്ചെലവ് പ്രതിസന്ധിയും പരിഹരിക്കാൻ സർക്കാരും കേന്ദ്ര ബാങ്കും എന്തു നടപടികൾ സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.