സയണിസം വംശീയതയ്ക്ക് തുല്യമെന്ന് യുകെ ഗ്രീൻ പാർട്ടി: ഒറ്റ ഫലസ്തീൻ രാഷ്ട്രത്തിനായി പ്രമേയം; നിയമപോരാട്ടത്തിന് വഴിതുറക്കുന്നു
ബ്രൈറ്റൺ : സയണിസത്തെ വംശീയതയായി കണക്കാക്കാനും ഇസ്രായേലിന് പകരം തുല്യാവകാശങ്ങളുള്ള ഒറ്റ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്ന വിവാദ നയപ്രമേയം അംഗീകരിച്ച് യുകെയിലെ ഗ്രീൻ പാർട്ടി. ബ്രൈറ്റണിൽ നടന്ന പാർട്ടി സമ്മേളനത്തിൽ 813-നെതിരെ 1,022 വോട്ടുകൾക്കാണ് ഈ നിർണ്ണായക പ്രമേയം പാസ്സാക്കിയത്. എന്നാൽ പാർട്ടിയുടെ അഞ്ച് എം.പിമാരിൽ നാലുപേരും ഈ നീക്കത്തെ ശക്തമായി എതിർത്തത് വലിയ ആഭ്യന്തര ഭിന്നതയ്ക്ക് വഴിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നതിനാൽ പാർട്ടി നേതാവ് സാക്ക് പൊളാൻസ്കി സമ്മേളനത്തിലെ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല.
‘ഗ്രീൻസ് ഫോർ ഫലസ്തീൻ’ എന്ന വിഭാഗമാണ് ഈ പ്രമേയത്തിന് പിന്നിൽ പ്രവർത്തിച്ചത്. സയണിസം ഒരു പ്രത്യേക വംശീയ വിഭാഗത്തിന് മുൻഗണന നൽകുന്ന വംശീയ ആശയമാണെന്നാണ് പ്രമേയത്തിൽ വാദിക്കുന്നത്. പ്രമേയം പാസ്സായതോടെ സയണിസ്റ്റ് സംഘടനകളിലോ സിനഗോഗുകളിലോ അംഗങ്ങളായ ജൂത വിഭാഗത്തിൽപ്പെട്ട പാർട്ടി പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്ന ആശങ്ക ഉയർന്നുവന്നു. എന്നാൽ ആശയപരമായ ഈ മാറ്റത്തിന്റെ പേരിൽ ആരെയും പാർട്ടിയിൽ നിന്ന് പുറത്താക്കില്ലെന്ന് പ്രമേയത്തെ പിന്തുണച്ച മുൻ റെസ്പെക്ട് പാർട്ടി നേതാവ് സൽമ യാക്കൂബ് വ്യക്തമാക്കി.
അതേസമയം, പ്രമേയം 2010-ലെ സമത്വ നിയമത്തിന്റെ (Equality Act) ലംഘനമാണെന്നും പാർട്ടിയിൽ ജൂത വിഭാഗത്തിൽപ്പെട്ടവർക്ക് വിവേചനം നേരിടാൻ ഇത് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ചില അംഗങ്ങൾ നിയമനടപടികൾക്ക് ഒരുങ്ങുകയാണ്. മുൻപ് ലേബർ പാർട്ടിക്കെതിരെയുള്ള ജൂതവിരുദ്ധ കേസിന് നേതൃത്വം നൽകിയ അഡ്വ. ആദം വാഗ്നർ കെ.സി ഉൾപ്പെടെയുള്ളവർ ഈ പ്രമേയത്തിനെതിരെ നിയമപോരാട്ടത്തിന് വലിയ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.
പ്രമേയം വോട്ടെടുപ്പിന് വന്നപ്പോൾ അതിനെതിരെ പ്രസംഗിച്ച മുൻ പാർട്ടി നേതാവ് കരോളിൻ ലൂക്കാസും മറ്റ് മുതിർന്ന എം.പിമാരും പാർട്ടിയിലെ നിലവിലെ അവസ്ഥയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഏകവിഷയാധിഷ്ഠിതമായി പാർട്ടിയിലേക്ക് എത്തിയ പുതിയ അംഗങ്ങളാണ് പ്രമേയത്തിന് പിന്നിലെന്ന് ഒരുവിഭാഗം കുറ്റപ്പെടുത്തുമ്പോൾ, ഗാസയിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രമേയത്തെ ന്യായീകരിക്കുകയാണ് പാർട്ടി നേതൃത്വം ചെയ്യുന്നത്. എന്തായാലും വരും ദിവസങ്ങളിൽ പാർട്ടി നേരിടാൻ പോകുന്ന വലിയൊരു നിയമ-രാഷ്ട്രീയ പ്രതിസന്ധിക്കാണ് ബ്രൈറ്റൺ സമ്മേളനം തുടക്കമിട്ടിരിക്കുന്നത്.