ഗാസയിലെ അഭയാർത്ഥി കുടുംബങ്ങളെ യുകെയിൽ എത്തിക്കുന്നത് തടഞ്ഞ ഹോം ഓഫീസിന് തിരിച്ചടി; തീരുമാനം റദ്ദാക്കി യുകെ കോടതി
ലണ്ടൻ : ഗാസയിലുള്ള അമ്മമാർക്കും കുട്ടികൾക്കും യുകെയിലുള്ള കുടുംബങ്ങളോടൊപ്പം ചേരുന്നതിന് അനുമതി നിഷേധിച്ച യുകെ ഹോം ഓഫീസിന്റെ (Home Office) തീരുമാനം ഇമിഗ്രേഷൻ ട്രൈബ്യൂണൽ കോടതി റദ്ദാക്കി. സാധാരണയായി വിസ അപേക്ഷകൾക്ക് ഫിംഗർപ്രിന്റും ഫേഷ്യൽ ഇമേജുകളും ഉൾപ്പെടുന്ന ‘ബയോമെട്രിക്സ്’ പരിശോധന നിർബന്ധമാണ്. എന്നാൽ 2023 ഒക്ടോബർ മുതൽ ഗാസയിലെ വിസ ആപ്ലിക്കേഷൻ സെന്റർ (VAC) അടഞ്ഞു കിടക്കുന്നതിനാലും അതിർത്തി കടക്കാൻ സാധിക്കാത്തതിനാലും ഇത് പൂർത്തിയാക്കാൻ കുടുംബങ്ങൾക്ക് സാധിച്ചിരുന്നില്ല.
ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ഇളവുകൾ നൽകുന്ന നയം യുകെയിലുണ്ടെങ്കിലും, ഗാസയിൽ കഴിയുന്ന അഭയാർത്ഥികളുടെ കാര്യത്തിൽ സർക്കാർ കടുത്ത നിലപാടാണ് സ്വീകരിച്ചത്. യുകെയിൽ അഭയം ലഭിച്ച പിതാക്കന്മാരുടെ അടുക്കലേക്ക് വരാൻ കാത്തിരിക്കുന്ന രണ്ട് കുടുംബങ്ങളുടെ അപേക്ഷ നിരസിച്ച ഹോം സെക്രട്ടറിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ജഡ്ജി ഫിയോണ ലിൻഡ്സ്ലി വിധിച്ചു. കൂടാരങ്ങളിൽ ഭക്ഷണവും കുടിവെള്ളവുമില്ലാതെ, പകർച്ചവ്യാധികളുടെയും ആക്രമണങ്ങളുടെയും നിഴലിൽ കഴിയുന്ന ഏഴ് വയസ്സിൽ താഴെയുള്ള അഞ്ച് കുട്ടികൾ അടങ്ങുന്നതാണ് ഈ കുടുംബങ്ങൾ.
കുട്ടികളുടെ സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും, അച്ഛന്മാരില്ലാതെ ഈ ദുരവസ്ഥയിൽ അവരെ ഗാസയിൽ ഉപേക്ഷിക്കുന്നത് നീതികേടാണെന്നും കോടതി വ്യക്തമാക്കി. ഏകദേശം 250 മുതൽ 300 വരെയുള്ള ആളുകൾ സമാനമായ രീതിയിൽ യുകെയിൽ കഴിയുന്ന തങ്ങളുടെ കുടുംബാംഗങ്ങളുമായി ഒന്നിക്കാൻ സാധിക്കാതെ ഗാസയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. വിസ നൽകുന്നതിന് മുൻപ് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കണമെന്ന നിലപാടിൽ ഹോം ഓഫീസ് ഉറച്ചുനിൽക്കുമ്പോൾ, ഈ കുടുംബങ്ങളെ ജോർദാനിലേക്ക് മാറ്റി പരിശോധന പൂർത്തിയാക്കാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് ഹോം ഓഫീസിന്റെ തീരുമാനം. ദേശീയ സുരക്ഷയ്ക്കും പൊതുജന സുരക്ഷയ്ക്കും ബയോമെട്രിക് പരിശോധന അത്യാവശ്യമാണെന്നാണ് സർക്കാരിന്റെ വാദം. ഇതിനിടെ, 2025 സെപ്റ്റംബറിൽ താൽക്കാലികമായി നിർത്തിവെച്ച വലിയ അഭയാർത്ഥി പുനരധിവാസ പദ്ധതികൾ പുനരാരംഭിക്കുന്നത് നീണ്ടുപോകുന്നത് ആയിരക്കണക്കിന് അഭയാർത്ഥി കുടുംബങ്ങളെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ പുതിയ ചട്ടങ്ങൾ പ്രഖ്യാപിക്കുന്നത് 2027 വരെ വൈകുമെന്നാണ് വിവരം.