Sathyian Nedumancherriyil

Subject : വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഓമാനി വൈസ് ക്യാപ്റ്റനെതിരെ അന്വേഷണം ഓസ്‌ട്രേലിയയിലേക്കും; ഭീകരവിരുദ്ധ സംഘം പരിശോധന ആരംഭിച്ചു.

വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഓമാനി വൈസ് ക്യാപ്റ്റനെതിരെ അന്വേഷണം ഓസ്‌ട്രേലിയയിലേക്കും; ഭീകരവിരുദ്ധ സംഘം പരിശോധന ആരംഭിച്ചു.

ഓസ്‌ട്രേലിയ: തെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഓമാനി സഹപൈലറ്റിന്റെ പശ്ചാത്തലം അന്വേഷിച്ച് ഓസ്‌ട്രേലിയൻ സുരക്ഷാ-ഇന്റലിജൻസ് ഏജൻസികൾ. 2015 മുതൽ രണ്ട് വർഷത്തോളം വിദ്യാർത്ഥി വിസയിൽ ഇയാൾ ഓസ്‌ട്രേലിയയിൽ താമസിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആസ്ട്രേലിയൻ ഫെഡറൽ പോലീസും ഇന്റലിജൻസ് വിഭാഗവും ഉൾപ്പെടുന്ന സംയുക്ത ഭീകരവിരുദ്ധ സംഘം ഇയാളുടെ മുൻകാല ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയത്.

182 യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം ജീവനക്കാരും യാത്രക്കാരും ചേർന്നാണ് തടഞ്ഞത്. വിമാനം പറത്തുന്നതിനിടെ ഇയാൾ ക്രാഷ് കോടാലി ഉപയോഗിച്ച് വിമാനത്തിലെ പ്രധാന ക്യാപ്റ്റനെ വെട്ടി പരിക്കേൽപ്പിക്കുകയും വിമാനത്തെ അപകടകരമായ രീതിയിൽ താഴേക്ക് പതിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ കീഴടക്കി വിമാനത്തിന്റെ നിയന്ത്രണം തിരികെ പിടിച്ചത്.

എഞ്ചിനീയറിംഗ് പഠനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ ഇയാളുടെ വിസ 2019-ൽ കോഴ്‌സ് പൂർത്തിയാക്കാത്തതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. പിന്നീട് യുകെയിലെ ഒരു സർവ്വകലാശാലയിലൂടെ വിദൂര വിദ്യാഭ്യാസം വഴിയാണ് ഇയാൾ ഏവിയേഷൻ പഠനം പൂർത്തിയാക്കിയത്. മുൻപ് തീവ്രവാദ ചിന്താഗതികളുടെ പേരിൽ ഒമാനിൽ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്ന വ്യക്തിയെ ഫ്ലൈ ദുബായ് ജോലിക്ക് എടുത്തതിലെ വീഴ്ചകളും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര ഭീകരബന്ധങ്ങളുണ്ടോ എന്നും ഓസ്‌ട്രേലിയയിൽ താമസിച്ചിരുന്ന കാലയളവിൽ ഇയാൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നോ എന്നുമാണ് ഇന്റലിജൻസ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ പുരോഗതി യു.എ.ഇ സുരക്ഷാ ഏജൻസികളുമായി ഓസ്‌ട്രേലിയൻ അധികൃതർ പങ്കുവെക്കും.