Sathyian Nedumancherriyil

Subject : ലോക്കൽ അധികാരികൾക്ക് നികുതി വരുമാനത്തിൽ കൂടുതൽ പങ്കാളിത്തം; മേയർമാരെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി യുകെ സർക്കാർ.

ലോക്കൽ അധികാരികൾക്ക് നികുതി വരുമാനത്തിൽ കൂടുതൽ പങ്കാളിത്തം; മേയർമാരെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി യുകെ സർക്കാർ.

ലണ്ടൻ : പ്രാദേശിക കൗൺസിലുകൾക്കും മേയർമാർക്കും കൂടുതൽ സാമ്പത്തിക-നികുതി അധികാരങ്ങൾ കൈമാറുന്നതിനൊപ്പം, പൊതുപണം ദുരുപയോഗം ചെയ്യുന്നത് തടയാൻ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ബ്രിട്ടീഷ് സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വലിയ രീതിയിലുള്ള ഗ്രാന്റുകളും നികുതി പിരിവ് അധികാരങ്ങളും സുതാര്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി പ്രത്യേക ഓഡിറ്റ് സംവിധാനങ്ങൾ, പാർലമെന്ററി മേൽനോട്ട സമിതികൾ, വഴിവിട്ട് പണം ചെലവാക്കുന്ന മേയർമാരെ തിരിച്ചുവിളിക്കാനുള്ള (Recall) പ്രത്യേക അധികാരം എന്നിവ നടപ്പിലാക്കുന്നത് ഭരണകൂടത്തിന്റെ സജീവ പരിഗണനയിലാണ്.

പ്രാദേശിക വരുമാനത്തിൽ നിന്നുള്ള ആദായനികുതിയുടെ ഒരു വിഹിതം അതത് മേഖലകളിലെ വികസന ആവശ്യങ്ങൾക്കായി നൽകുന്നത് പ്രാദേശിക വളർച്ചയ്ക്ക് വേഗം കൂട്ടുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പ്രദേശത്തിന്റെ വികസനത്തിന് അനുയോജ്യമായ രീതിയിൽ പണം ചെലവഴിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും ഇത് മേയർമാർക്ക് കൂടുതൽ പ്രചോദനമാകും. പ്രാദേശിക വികസനം സാധ്യമാക്കുന്നതിലൂടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ച ഉറപ്പാക്കാമെന്നും വികസന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

എന്നാൽ, സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ലണ്ടൻ പോലെയുള്ള സമ്പന്ന നഗരങ്ങൾക്ക് ഈ നയം കൂടുതൽ നേട്ടമാകുമെന്നും, പിന്നാക്ക പ്രദേശങ്ങൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ രാജ്യത്തുടനീളം ഫണ്ടുകളുടെ തുല്യമായ വിതരണം ഉറപ്പാക്കാൻ പ്രത്യേക ‘സമീകരണ സഹായങ്ങൾ’ (Equalisation payments) കൊണ്ടുവരണമെന്നും വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ കൃത്യമായ മേൽനോട്ടവും പ്രാദേശിക സ്വയംഭരണവും തമ്മിൽ സമന്വയിപ്പിച്ചു മാത്രമേ മുന്നോട്ടുപോകാവൂ എന്നാണ് ഉയർന്നുവരുന്ന പ്രധാന നിർദ്ദേശം.

വികേന്ദ്രീകരണത്തിന്റെ ഭാഗമായി കൊണ്ടുവരുന്ന പുതിയ ഭരണപരിഷ്കാരങ്ങൾ അടങ്ങിയ ശ്വേതപത്രം (White Paper) ഉടൻ തന്നെ യുകെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് സൂചന. സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ഇരട്ട ലക്ഷ്യത്തോടെയായിരിക്കും പുതിയ നിയമനിർമ്മാണം പൂർത്തിയാക്കുക.