കുട്ടികൾക്കെതിരായ പീഡനവും കടുത്ത അവഗണനയും: ഓഹിയോയെ നടുക്കിയ സംഭവം; സർക്കാരിനെതിരെ ജനരോഷം.
യു.എസ്.എ : അമേരിക്കയിലെ ഓഹിയോയിലുള്ള ഹാംഡനിൽ തികച്ചും പരിതാപകരമായ സാഹചര്യത്തിൽ ജീവിച്ചിരുന്ന 16 കുട്ടികളെ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി രക്ഷപ്പെടുത്തി. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് മാതാപിതാക്കളായ ഗാരി സിഡേഴ്സ്, എലിസബത്ത് സിഡേഴ്സ് എന്നിവരെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് കുട്ടികൾ നേരിട്ട കടുത്ത അവഗണന പുറംലോകമറിയുന്നത്. മരിക്കാറായ നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളെ എയർ ആംബുലൻസ് വഴി അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
വിഷയം പുറത്തുവന്നതോടെ ഓഹിയോയിലെ ഭരണകൂടത്തിനെതിരെയും ശിശുക്ഷേമ വകുപ്പിനെതിരെയും കടുത്ത വിമർശനമാണ് ഉയർന്നുവരുന്നത്. ഗ്രാമീണ മേഖലയായ വിന്റൺ കൗണ്ടിയിൽ നിലവിൽ സംരക്ഷണത്തിലുള്ള ഈ 16 കുട്ടികളുടെ ദിവസേനയുള്ള ചെലവ് തങ്ങാവുന്നതിലും അപ്പുറമാണെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കുന്നു. വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധ നേരിടുന്ന ഈ മേഖലയിൽ ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായി വേണ്ടത്ര തുക വകയിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതാണ് സ്ഥിതിഗതികൾ ഇത്രത്തോളം വഷളാക്കിയതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
2020-ൽ തന്നെ ഈ കുടുംബത്തെക്കുറിച്ചും കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും അധികൃതർക്ക് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ ഇവർ നിരന്തരം താമസം മാറിക്കൊണ്ടിരുന്നതും നിരീക്ഷണങ്ങൾ കൃത്യമായി നടക്കാത്തതും കാരണം പോലീസിനും സ്കൂൾ അധികൃതർക്കും കുട്ടികളെ കണ്ടെത്താൻ സാധിച്ചില്ല. മാത്രമല്ല, കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്കുള്ള കേന്ദ്രീകൃത സഹായ പദ്ധതികൾ വെട്ടിക്കുറച്ചതും വികസന ഫണ്ടുകൾ നിഷേധിച്ചതും ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമായതായി പൊതുജനാരോഗ്യ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി ഓഹിയോയിലെ ചൈൽഡ് ആൻഡ് യൂത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. നിലവിൽ കുട്ടികൾക്ക് ആവശ്യമായ ആരോഗ്യ പരിചരണവും സുരക്ഷിതത്വവും ഉറപ്പാക്കിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.