Sathyian Nedumancherriyil

Subject : ഫ്ലൈദുബായ് വിമാനത്തിന് നേരെണ്ടായത് തീവ്രവാദ ആക്രമണം; ഇന്ത്യൻ പൈലറ്റിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

ഫ്ലൈദുബായ് വിമാനത്തിന് നേരെണ്ടായത് തീവ്രവാദ ആക്രമണം; ഇന്ത്യൻ പൈലറ്റിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

ഇസ്രായേൽ: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന് നേരെ നടന്ന ആക്രമണം ഒരു തീവ്രവാദ ആക്രമണമാണെന്ന് ഇസ്രായേലിന്റെ ഐക്യരാഷ്ട്രസഭ അംബാസഡർ ഡാനി ഡാനോൺ വ്യക്തമാക്കി. എന്നാൽ സംഭവത്തിന് പിന്നിൽ ഏതെങ്കിലും തീവ്രവാദ സംഘടനയോ രാജ്യങ്ങളോ ഉണ്ടോ എന്നത് വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തെ തുടർന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഫ്ലൈദുബായ് അറിയിച്ചു.

ഒമാൻ പൗരനായ പൈലറ്റ് സഹപൈലറ്റിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായും, ഇതിനിടയിൽ വിമാനം കൂപ്പുകുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യാത്രക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കോക്ക്പിറ്റിലേക്ക് ഇരച്ചുകയറിയ യാത്രക്കാർ അക്രമിയെ കീഴടക്കുകയും വിമാനം സുരക്ഷിതമായി താഴെയിറക്കാൻ സഹായിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പൗരനായ ക്യാപ്റ്റൻ സ്മിത് മച്ചാർ സൗദി അറേബ്യയിലെ തബൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെയും ഇച്ഛാശക്തിയെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. പരിക്കേറ്റപ്പോഴും യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം കാണിച്ച ധീരത അഭിനന്ദനാർഹമാണെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സൗദി, യുഎഇ ഭരണകൂടങ്ങളുടെ സഹകരണത്തോടെയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഈ സംഭവം ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാന കരാറായ ‘അബ്രഹാം അക്കോർഡിനെ’ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. എങ്കിലും സംഭവത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണങ്ങൾ ആവശ്യമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.