ലക്ഷങ്ങൾ ചെലവഴിച്ചിട്ടും അറസ്റ്റില്ല: ലണ്ടനിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ പരാജയമെന്ന് റിപ്പോർട്ട്.
ലണ്ടൻ (യുകെ): ലണ്ടനിലെ റെയിൽവേ സ്റ്റേഷനുകളിൽ കുറ്റവാളികളെ കണ്ടെത്താനായി നടപ്പിലാക്കിയ ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ (LFR) പരീക്ഷണം വൻ പരാജയമാണെന്ന് വിവരങ്ങൾ. മൂന്ന് ലക്ഷത്തിലധികം പൗണ്ട് (3.2 ലക്ഷം പൗണ്ട്) ചെലവഴിച്ച് അര മില്യണിലധികം ആളുകളുടെ മുഖങ്ങൾ സ്കാൻ ചെയ്തിട്ടും ഒറ്റ അറസ്റ്റ് പോലും രേഖപ്പെടുത്താൻ പോലീസിന് സാധിച്ചില്ല. ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് (BTP) ആറ് മാസമായി നടത്തിയ ഈ നീരീക്ഷണത്തിൽ ഒരേയൊരു ആൾക്ക് മാത്രമാണ് ക്യാമറ മുന്നറിയിപ്പ് നൽകിയത്, എന്നാൽ അത് തെറ്റായ തിരിച്ചറിയൽ (False match) ആയിരുന്നുവെന്ന് ഫ്രീഡം ഓഫ് ഇൻഫർമേഷൻ രേഖകൾ വ്യക്തമാക്കുന്നു.
പൊതുജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കൃത്യമായ നിയമനിർമ്മാണം നടത്തുന്നതുവരെ ഇത്തരം സാങ്കേതികവിദ്യകളുടെ ഉപയോഗം നിർത്തിവെക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു. സൂപ്പർമാർക്കറ്റുകളിലും മറ്റും കടന്നുകയറ്റക്കാരെ തടയാൻ ഇത് ഫലപ്രദമാണെങ്കിലും വലിയ പൊതുഗതാഗത ശൃംഖലകളിൽ കുറ്റവാളികളെ പിടികൂടാൻ ഇത് അനുയോജ്യമല്ലെന്ന് മുൻ ബയോമെട്രിക്സ് കമ്മീഷണർ ഫ്രേസർ സാംപ്സൺ ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ ജനങ്ങളുടെ വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ സുതാര്യത ആവശ്യമാണെന്നും അഭിപ്രായമുയർന്നു.
എന്നാൽ ഈ പരീക്ഷണത്തിന്റെ ഭാഗമായി സ്റ്റേഷനുകളിൽ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ആക്രമണം, മോഷണം, മാരകായുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളായ നിരവധിയാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബി.ടി.പി വക്താവ് വ്യക്തമാക്കി. എൽ.എഫ്.ആർ ക്യാമറകളുടെ നേരിട്ടുള്ള മുന്നറിയിപ്പ് വഴിയല്ലാത്തതിനാലാണ് ഇവ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടാത്തത്.
വിമർശനങ്ങൾ നിലനിൽക്കെ തന്നെ ലണ്ടൻ അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളിലേക്കും സെൻട്രൽ ലണ്ടനിലെ തിരക്കേറിയ ഓക്സ്ഫോർഡ് സ്ട്രീറ്റിലേക്കും ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ വ്യാപിപ്പിക്കാനാണ് ലണ്ടൻ മേയർ സാദിഖ് ഖാന്റെയും മെട്രോപൊളിറ്റൻ പോലീസിന്റെയും തീരുമാനം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനാണ് ഈ സാങ്കേതികവിദ്യ കൂടുതൽ ഉപയോഗിക്കുന്നതെന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ വ്യക്തമാക്കി.