വരൾച്ച ഭീഷണിയിൽ ബ്രിട്ടൻ; ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യതയെന്ന് റിപ്പോർട്ട്!.
ലണ്ടൻ: ബ്രിട്ടനിലെ പ്രധാന ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്ന ഭൂരിഭാഗം കാർഷിക മേഖലകളും രൂക്ഷമായ വരൾച്ചാ ഭീഷണിയിലാണെന്ന് പുതിയ പഠന റിപ്പോർട്ട്. ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, പഞ്ചസാര, എണ്ണക്കുരുക്കൾ എന്നിവ കൃഷി ചെയ്യുന്ന മേഖലകളിലാണ് കടുത്ത ജലക്ഷാമം നേരിടുന്നത്. ഇത് രാജ്യത്ത് വൻ ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിവെച്ചേക്കുമെന്ന് പരിസ്ഥിതി കേന്ദ്രീകൃത നിക്ഷേപ ഫണ്ടായ ‘റീബാലൻസ് എർത്ത്’ മുന്നറിയിപ്പ് നൽകുന്നു.
ഇംഗ്ലണ്ടിലെ പച്ചക്കറി, പഴവർഗ്ഗ കൃഷികളുടെ 81 ശതമാനവും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ ഗോതമ്പ് (77%), ബാർലി (75%), കടുക്/എണ്ണക്കുരുക്കൾ (74%), കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയുടെ വലിയൊരു പങ്കും വരൾച്ചാ സാധ്യതയുള്ള മേഖലകളിലാണ് വിളയുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ വിളവെടുപ്പിൽ വലിയ കുറവുണ്ടായതായി കാർഷിക വികസന ബോർഡും വ്യക്തമാക്കുന്നു.
വെള്ളപ്പൊക്കം പോലെ പെട്ടെന്ന് ദൃശ്യമല്ലെങ്കിലും വരൾച്ച സാമ്പത്തിക രംഗത്തെയും സപ്ലൈ ചെയിനെയും രഹസ്യമായി തകരാറിലാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കൃഷി വൻതോതിൽ തടസ്സപ്പെടുന്നത് സാധനങ്ങളുടെ വില കുത്തനെ കൂട്ടാൻ കാരണമാകും. ഇംഗ്ലണ്ടിന്റെ പ്രധാന ധാന്യപ്പുരകളായ ഈസ്റ്റ് ആംഗ്ലിയ, കെന്റ് തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർച്ചയായി വരൾച്ച അനുഭവപ്പെടുന്നുണ്ട്. പുതിയ സാഹചര്യം കണക്കിലെടുത്ത് ജലസ്രോതസ്സുകൾ കാര്യക്ഷമമായി വിനിയോഗിച്ചില്ലെങ്കിൽ വൻ പ്രതിസന്ധിയാകും യുകെ നേരിടേണ്ടി വരിക.