Sathyian Nedumancherriyil

Subject : ഒക്ടോബർ ആറിലെ പുതിയ ബജറ്റ്: പ്രതീക്ഷയോടെ അയർലണ്ടിലെ ജനങ്ങൾ.

ഒക്ടോബർ ആറിലെ പുതിയ ബജറ്റ്: പ്രതീക്ഷയോടെ അയർലണ്ടിലെ ജനങ്ങൾ.

ഡബ്ലിൻ: ജീവിതച്ചെലവും ഊർജവിലയും കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ അയർലണ്ട് സർക്കാർ ഒക്ടോബർ ആറിന് അവതരിപ്പിക്കുന്ന പുതിയ ബജറ്റിൽ വൻ ഇളവുകൾ പ്രതീക്ഷിച്ച് സാധാരണക്കാർ. കുറഞ്ഞ വരുമാനക്കാർ, വാടകക്കാർ, പെൻഷൻകാർ, ഭിന്നശേഷിക്കാർ, പരിചരണം നൽകുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് ആശ്വാസമേകുന്ന നിരവധി നിർദേശങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉയർന്ന ഹീറ്റിങ് ഓയിൽ വിലയിൽ കാർബൺ നികുതി ഇളവ് നൽകുന്നതും ഇന്ധന അലവൻസ് പ്രതിവാരം 43 യൂറോയായി ഉയർത്തുന്നതും സർക്കാർ സജീവമായി പരിശോധിച്ചു വരുന്നു.

വരുമാനനികുതിയിലും കുറഞ്ഞ വേതനനിരക്കിലും വലിയ മാറ്റങ്ങൾ ഉണ്ടായേക്കും. 40 ശതമാനം ഉയർന്ന നികുതി ബാധകമാകുന്ന ബാക്കറ്റ് നിലവിലെ 44,000 യൂറോയിൽ നിന്ന് 46,000 യൂറോയായി ഉയർത്താൻ സാധ്യതയുണ്ട്. മണിക്കൂറിലെ കുറഞ്ഞ വേതനം 14.15 യൂറോയിൽ നിന്ന് 14.94 യൂറോയാക്കാൻ ലോ പേ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വാടകക്കാർക്കുള്ള വാർഷിക നികുതി ക്രെഡിറ്റിൽ 200 മുതൽ 300 യൂറോ വരെ വർധനവ് വരുത്താനും കുട്ടികളുടെ പരിചരണച്ചെലവുകൾ കുറയ്ക്കാൻ സബ്‌സിഡി വർധിപ്പിക്കാനും പദ്ധതിയുണ്ട്.

ക്ഷേമാനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്കും കെയറേഴ്‌സിനും അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. പെൻഷൻ, ഭിന്നശേഷി അലവൻസ്, തൊഴിലില്ലായ്മ വേതനം എന്നിവയുടെ പ്രതിവാര നിരക്കിൽ വർധന പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഭിന്നശേഷിക്കാർക്കായി പ്രത്യേക വാർഷിക സഹായധനവും 16 വയസ്സുള്ള കൗമാരക്കാർക്ക് കലാ-സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കാൻ 100 യൂറോയുടെ ‘കൾച്ചർ കാർഡും’ നൽകുന്ന കാര്യം ബജറ്റ് ചർച്ചകളിലുണ്ട്. വീടുകളിൽ സൗരോർജ ബാറ്ററികൾ സ്ഥാപിക്കുന്നതിന് 600 യൂറോയുടെ ഗ്രാന്റും പ്രഖ്യാപിച്ചേക്കും.

സാധാരണക്കാർക്ക് ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം നടത്താൻ സഹായിക്കുന്ന പുതിയ വ്യക്തിഗത നിക്ഷേപ അക്കൗണ്ട് പദ്ധതിയും പാരമ്പര്യസ്വത്ത് നികുതിയിലെ ഇളവുകളും പുതിയ ബജറ്റിൽ ഇടംപിടിച്ചേക്കും. സർക്കാരിന്റെ വരുമാനവും ഓരോ കുടുംബത്തിന്റെയും സാഹചര്യവും അനുസരിച്ച് നികുതി ഇളവ്, വാടക സഹായം, മറ്റ് ക്ഷേമ പേയ്‌മെന്റുകൾ എന്നിവയിൽ ആർക്കെല്ലാം അർഹതയുണ്ടാകുമെന്നതിന്റെ കൃത്യമായ ചിത്രം ഒക്ടോബർ ആറിലെ ബജറ്റ് പ്രഖ്യാപനത്തോടെ മാത്രമേ വ്യക്തമാകൂ.