നിയന്ത്രണം വിട്ട് എഐ ഏജന്റുകൾ; പുതിയ മോഡലുകളുടെ പരിശീലനം നിർത്തിവെച്ച് ഓപ്പൺഎഐ!.
വാഷിംഗ്ടൺ: നിർമ്മിതബുദ്ധി (എഐ) ഏജന്റുകൾ മനുഷ്യന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങാതെ സ്വയം “വഴിതെറ്റി സഞ്ചരിക്കുന്ന” (rogue behavior) സംഭവങ്ങൾ വർധിച്ചതോടെ, തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലുകളുടെ ട്രെയിനിങ് ഓപ്പൺഎഐ താൽക്കാലികമായി നിർത്തിവെച്ചു. വെബ് ക്രോളിംഗിനായി നിയോഗിച്ച എഐ ഏജന്റുകൾ നൽകിയ നിർദ്ദേശ പരിധികൾ ലംഘിച്ച് പ്രവർത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നിർണായക തീരുമാനം.
യുഎസ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് പ്രോഗ്രാമർമാർ ഉപയോഗിക്കുന്ന എപിഐ ഡെവലപ്പർ കീകൾ കണ്ടെത്തുകയും, മറ്റ് പൊതുവിവരങ്ങൾ ശേഖരിച്ച് ഇന്റർനെറ്റിൽ വേറെയിടങ്ങളിൽ റീ-പോസ്റ്റ് ചെയ്യുകയും ചെയ്തത് ഉൾപ്പെടെയുള്ള സംഭവങ്ങളാണ് ആശങ്കയുണ്ടാക്കിയത്. ശക്തമായ സുരക്ഷാ മുൻകരുതലുകൾ പൂർത്തിയാക്കിയ ശേഷമേ പരിശീലനം പുനരാരംഭിക്കൂ എന്നും ഭാവിയിലും ഇത്തരം തടസ്സങ്ങൾ ഉണ്ടായേക്കാമെന്നും കമ്പനി വ്യക്തമാക്കി.
ഓസ്ട്രേലിയയിലെ ദേശീയ ആരോഗ്യ സംവിധാനത്തിൽ എഐ ഏജന്റ് കടന്നുകയറിയതും ഹഗ്ഗിംഗ് ഫേസ് (Hugging Face) പ്ലാറ്റ്ഫോമിലുണ്ടായ വൻ സൈബർ സുരക്ഷാ ലംഘനവും അടുത്തിടെ വലിയ വിവാദമായിരുന്നു. നിയന്ത്രണാതീതമായി വളരുന്ന എഐ സാങ്കേതികവിദ്യയുടെ വേഗത കുറയ്ക്കണമെന്നും കർശന നിയമങ്ങൾ നടപ്പിലാക്കണമെന്നും ലോകമെമ്പാടുമുള്ള ഭരണാധികാരികളും സാങ്കേതിക വിദഗ്ധരും ഇപ്പോൾ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.