Sathyian Nedumancherriyil

Subject : ജനം ജീവിക്കാൻ നെട്ടോട്ടം; ലണ്ടനിലെ ബാങ്കർമാർക്ക് കോടികളുടെ കൊയ്ത്ത്!.

ജനം ജീവിക്കാൻ നെട്ടോട്ടം; ലണ്ടനിലെ ബാങ്കർമാർക്ക് കോടികളുടെ കൊയ്ത്ത്!.

ലണ്ടൻ: യുകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ജീവിതച്ചെലവ് വർധനവിലൂടെയും കടന്നുപോകുമ്പോൾ ലണ്ടനിലെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാരും കോർപ്പറേറ്റ് അഭിഭാഷകരും സമ്പാദിച്ചത് 100 കോടി പൗണ്ടിലധികം (1bn GBP). കമ്പനികളുടെ ലയനങ്ങളും ഏറ്റെടുക്കലുകളും (M&A) തകൃതിയായി നടന്നതോടെയാണ് ഈ മേഖലയിലുള്ളവർക്ക് ശതകോടികളുടെ വൻ വരുമാനം ലഭിച്ചത്.

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കനുസരിച്ച്, യുകെ ലിസ്റ്റഡ് കമ്പനികളുടെ ഏറ്റെടുക്കൽ മൂല്യം ഈ വർഷം 175% വർധിച്ച് 13,290 കോടി ഡോളറിലെത്തി. വിദേശ നിക്ഷേപകരും അമേരിക്കൻ കമ്പനികളും ബ്രിട്ടീഷ് സ്ഥാപനങ്ങളെ വൻതോതിൽ വാങ്ങി കൂട്ടിയതാണ് ബാങ്കർമാർക്കും അഭിഭാഷകർക്കും അക്കൗണ്ടന്റമാർക്കും വഴിത്തിരിവായത്. ഇടപാടുകളുടെ കമ്മീഷൻ ഇനത്തിൽ മാത്രം 120 കോടി പൗണ്ടിലധികം ലഭിച്ചു.

ജെപി മോർഗൻ, ഗോൾഡ്മാൻ സാക്‌സ് തുടങ്ങിയ പ്രമുഖ ബാങ്കുകളിലെയും ‘മാജിക് സർക്കിൾ’ നിയമസ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ബോണസുകൾക്കും വേതനത്തിനും പരിധിയില്ലാതെ ഉയർന്നതാണ് പൊതുജനരോഷത്തിന് കാരണമായത്. യുകെയിലെ സാധാരണക്കാർ നിത്യച്ചെലവുകൾക്കായി ബുദ്ധിമുട്ടുമ്പോൾ ബാങ്കിംഗ് മേഖല മാത്രം അമിതലാഭം കൊയ്യുന്നത് നീതികേടാണെന്ന് ട്രേഡ് യൂണിയനുകൾ ആരോപിച്ചു. ബാങ്കുകളുടെ ലാഭത്തിന്മേൽ വൻതുക അധിക നികുതി (Windfall Tax) ചുമത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.