എയർ ഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്; വൈറ്റ് ഹൗസും സിഎൻഎനും തമ്മിലുള്ള പോരാട്ടം കനക്കുന്നു!
വാഷിംഗ്ടൺ: പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ യാത്ര ചെയ്യുന്നതിൽ നിന്ന് സിഎൻഎൻ (CNN) മാധ്യമപ്രവർത്തകരെ വൈറ്റ് ഹൗസ് വിലക്കി. ടെന്നസിയിലെ ഒരു കോളേജ് ഫുട്ബോൾ മത്സരത്തിന് ട്രംപിനൊപ്പം പോകേണ്ടിയിരുന്ന സംഘത്തെയാണ് അവസാന നിമിഷം ഒഴിവാക്കിയത്. മാധ്യമങ്ങളുമായുള്ള ഭരണകൂടത്തിന്റെ ശത്രുത വീണ്ടും രൂക്ഷമാകുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
വ്യാഴാഴ്ച ടെന്നസിയിലേക്ക് യാത്ര തിരിക്കാനിരുന്ന ട്രംപിന്റെ ഷെഡ്യൂൾ പ്രകാരമുള്ള പ്രസ് പൂളിൽ നിന്ന് സിഎൻഎൻ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതായി വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് സിഎൻഎൻ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളുടെ വൈറ്റ് ഹൗസ് പ്രവേശനം ട്രംപ് നേരത്തെ റദ്ദാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ മാധ്യമപ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മാധ്യമ വിലക്കിനെതിരെ സിഎൻഎൻ, എംഎസ് നൗ (MS Now), പൊളിറ്റിക്കോ (Politico) എന്നീ സ്ഥാപനങ്ങൾ നൽകിയ ഹർജിയിൽ കോടതി ഉത്തരവിനെ തുടർന്ന് മാധ്യമങ്ങൾക്ക് പ്രവേശനം പുനഃസ്ഥാപിച്ചിരുന്നു. എങ്കിലും ഔദ്യോഗിക പരിപാടികളിൽ നിന്നും യാത്രകളിൽ നിന്നും മാധ്യമങ്ങളെ മാറ്റിനിർത്താനുള്ള നീക്കങ്ങൾ വൈറ്റ് ഹൗസ് തുടരുകയാണ്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് മാധ്യമ കൂട്ടായ്മകൾ വ്യക്തമാക്കിയിട്ടുണ്ട്.
ജനാധിപത്യ സംവിധാനത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവർത്തനം അത്യന്താപേക്ഷിതമാണെന്ന് വൈറ്റ് ഹൗസ് ടെലിവിഷൻ പൂൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ നിയമപോരാട്ടങ്ങൾ തുടരുമെന്നും മാധ്യമ സംഘടനകൾ അറിയിച്ചു.