സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; എണ്ണവില കുത്തനെ ഉയർന്നു!
റിയാദ്: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ തൊടുത്തുവിട്ട ആറ് ബാലസ്റ്റിക് മിസൈലുകൾ തകർത്തതായി സൗദി അറേബ്യ അറിയിച്ചു. സൗദിയിലെ തായിഫ്, യാൻബു എന്നീ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണങ്ങളുണ്ടായത്. ആക്രമണത്തെ തുടർന്ന് എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവില ഒരു ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരപ്പിലെത്തി.
സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് മിസൈലുകൾ പ്രതിരോധിച്ചത്. എന്നാൽ തലസ്ഥാനമായ റിയാദിലെയും യാൻബുവിലെ സൗദി അരാംകോയുടെ സൗകര്യങ്ങളിലെയും നിർണ്ണായക ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു. ചെങ്കടൽ വഴിയുള്ള സൗദിയുടെ എണ്ണ കയറ്റുമതിയെ സാരമായി ബാധിക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായോ എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സൗദിക്ക് പുറമെ പാകിസ്ഥാനും തുർക്കിയും ചേർന്ന് ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള സംയുക്ത പ്രതിരോധ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സംയുക്ത പ്രതിരോധ കരാറിന്റെ ഭാഗമായി രാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ കൂട്ടായി നേരിടാനാണ് തീരുമാനം. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വീണ്ടും സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഹൂതികളുടെ ഇത്തരം കടന്നുകയറ്റങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയെയും ഊർദ്ദ സുരക്ഷയെയും സാരമായി ബാധിക്കുമെന്ന് യെമൻ സർക്കാർ മുന്നറിയിപ്പ് നൽകി. ചെങ്കടലിലെ പ്രധാന ജലപാതകളിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഹൂതികളുടെ നടപടികൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.