സൂപ്പർമാർക്കറ്റ് ലോയൽറ്റി കാർഡുകൾ വഴിയുള്ള മദ്യത്തിന്റെ വിലക്കിഴിവുകൾ തടയാൻ കർശന നിയമഭേദഗതിയുമായി അയർലൻഡ് സർക്കാർ!
ഡബ്ലിൻ: സൂപ്പർമാർക്കറ്റുകളുടെ ലോയൽറ്റി കാർഡുകൾ ഉപയോഗിച്ച് മദ്യത്തിന് വിലക്കിഴിവ് നൽകുന്നത് തടയാൻ ലക്ഷ്യമിട്ട് അയർലൻഡ് സർക്കാർ പുതിയ നിയമഭേദഗതി കൊണ്ടുവരുന്നു. പബ്ലിക് ഹെൽത്ത് നിയമത്തിലെ പഴുതുകൾ മുതലെടുത്ത് ഷോപ്പുകളും ഓഫ്-ലൈസൻസ് സ്ഥാപനങ്ങളും നടത്തിവരുന്ന മദ്യവ്യാപാരത്തിന് തടയിടാനാണ് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മാക്നീലിന്റെ തീരുമാനം. 2028 മാർച്ച് മാസത്തോടെ ഈ പുതിയ നിയമം പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ലോയൽറ്റി സ്കീമുകളിലെ അംഗത്വവും മദ്യത്തിന്റെ കുറഞ്ഞ വിലയും തമ്മിലുള്ള ബന്ധം പൂർണ്ണമായി ഇല്ലാതാക്കാൻ 2018-ലെ പബ്ലിക് ഹെൽത്ത് (ആൽക്കഹോൾ) ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. ആൽഡി ഒഴികെയുള്ള പ്രമുഖ സൂപ്പർമാർക്കറ്റുകളെല്ലാം ഈ പുതിയ നിയമപരിധിയിൽ ഉൾപ്പെടും. മദ്യ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ലോയൽറ്റി കാർഡ് വഴി പോയിന്റുകളോ ഡിസ്കൗണ്ടുകളോ നൽകാൻ കടകൾക്ക് ഇനി അനുവാദമുണ്ടായിരിക്കില്ല.
രാജ്യത്ത് 2003-നും 2021-നും ഇടയിൽ പബ്ബ് ലൈസൻസുകളുടെ എണ്ണം 20 ശതമാനം കുറഞ്ഞപ്പോൾ, ഓഫ്-ലൈസൻസ് സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയായതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോയൽറ്റി കാർഡ് സ്കീമുകളുമായി ബന്ധപ്പെടുത്തി വലിയതോതിൽ ഡിസ്കൗണ്ട് നൽകി മദ്യം വിറ്റഴിക്കുന്ന രീതി വ്യാപകമായതിനെ തുടർന്നാണ് ആൽക്കഹോൾ ആക്ഷൻ അയർലണ്ട് അടക്കമുള്ള മദ്യവിരുദ്ധ സംഘടനകൾ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയത്.
സർക്കാരിന്റെ ഈ പുതിയ നീക്കത്തെ മദ്യവിരുദ്ധ സംഘടനകൾ വലിയ രീതിയിൽ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, മദ്യക്കുപ്പികളിൽ ക്യാൻസർ പോലുള്ള രോഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ലേബലുകൾ പതിക്കുന്നതിനുള്ള വ്യവസ്ഥകൾ ബിസിനസുകാരുടെ താല്പര്യം മുൻനിർത്തി സർക്കാർ നേരത്തെ രണ്ട് വർഷത്തേക്ക് മാറ്റിവെച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.