Sathyian Nedumancherriyil

Subject : കുട്ടികളുടെ കോവിഡ് വാക്സിൻ വിതരണം തടഞ്ഞ് ട്രംപ് ഭരണകൂടം: യു.എസിൽ പ്രതിസന്ധി രൂക്ഷം.

കുട്ടികളുടെ കോവിഡ് വാക്സിൻ വിതരണം തടഞ്ഞ് ട്രംപ് ഭരണകൂടം: യു.എസിൽ പ്രതിസന്ധി രൂക്ഷം.

വാഷിംഗ്ടൺ: അമേരിക്കയിലെ 11 സംസ്ഥാനങ്ങളിലെയും ഒരു യു.എസ് ടെറിട്ടറിയിലെയും കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ വിതരണം തടഞ്ഞുവെച്ച് ഡൊണാൾഡ് ട്രംപ് ഭരണകൂടം. ഫെഡറൽ സർക്കാരിന്റെ ‘വാക്സിൻസ് ഫോർ ചിൽഡ്രൻ’ (VFC) പദ്ധതി വഴിയുള്ള പുതുക്കിയ വാക്സിനുകളുടെ വിതരണമാണ് ആരോഗ്യ മന്ത്രാലയം തടഞ്ഞിരിക്കുന്നത്. ഇതോടെ 52 ശതമാനത്തോളം വരുന്ന നിർദ്ധനരും ഇൻഷുറൻസ് പരിരക്ഷയില്ലാത്തവരുമായ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് ലഭിക്കാത്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.

രാജ്യത്ത് പുതിയ കോവിഡ് തരംഗം വ്യാപിക്കുന്നതിനിടെ പ്രതിരോധ കുത്തിവെപ്പുകൾ നിഷേധിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വാക്സിൻ ലഭ്യത കഠിനമാക്കാനും വിതരണം തടയാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് യു.എസ് സി.ഡി.സി മുൻ ഡയറക്ടർ ഡാനിയൽ ജെർണിഗൻ ആരോപിച്ചു.

എന്നാൽ, വാക്സിൻ വിതരണം പൂർണ്ണമായി നിർത്തലാക്കിയിട്ടില്ലെന്നും സംഭരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സി.ഡി.സി വേഗത്തിൽ പൂർത്തിയാക്കുമെന്നുമാണ് യു.എസ് ആരോഗ്യ മന്ത്രാലയത്തിന്റെ (HHS) വിശദീകരണം. മുൻപ് നൽകിയിരുന്ന വാക്സിനുകളുടെ കാലാവധി കഴിഞ്ഞതിനാൽ പുതിയ സ്റ്റോക്ക് ലഭ്യമാകാതെ വിതരണം സാധ്യമാകില്ല. വാക്സിൻ വിതരണത്തിൽ സെപ്റ്റംബർ മാസത്തെ സമയപരിധി കർശനമായി പാലിക്കേണ്ടതില്ലെന്നും വർഷത്തിൽ ഏത് സമയത്തും കോവിഡ് വ്യാപനം ഉണ്ടാകാമെന്നുമാണ് മന്ത്രാലയ വക്താവ് എമിലി ഹിലിയാർഡ് വ്യക്തമാക്കിയത്.

അതേസമയം, ആർക്കും വാക്സിൻ നിഷേധിച്ചിട്ടില്ലെന്നും ലഭ്യതാ സൗകര്യങ്ങൾ നിലനിർത്തിയിട്ടുണ്ടെന്നുമാണ് യു.എസ് ആരോഗ്യ സെക്രട്ടറിയും വാക്സിൻ വിരുദ്ധ നിലപാടുകാരനുമായ റോബർട്ട് എഫ് കെന്നഡി ജൂനിയറിന്റെ വാദം. എന്നാൽ ഫെഡറൽ ഫണ്ട് തടയുന്നതിലൂടെ സംസ്ഥാനങ്ങൾക്ക് വാക്സിൻ വാങ്ങാൻ സാധിക്കാതെ വരുന്നത് വിതരണത്തെ ബാധിക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.