തീവ്ര കാലാവസ്ഥ പ്രവചിക്കാൻ യൂറോപ്യൻ സഖ്യത്തിൽ ചേർന്ന് ബ്രിട്ടൻ: വമ്പൻ സമുദ്ര നിരീക്ഷണ പദ്ധതി
ന്യൂയോർക്ക്: രൂക്ഷമാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളും കൃത്യമായി പ്രവചിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ നേതൃത്വം നൽകുന്ന പ്രമുഖ ആഗോള സമുദ്ര നിരീക്ഷണ പദ്ധതിയിൽ ബ്രിട്ടൻ പങ്കാളിയാകുന്നു. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ഉച്ചകോടിയിൽ ബ്രിട്ടീഷ് പരിസ്ഥിതി സെക്രട്ടറി ആഞ്ചല ഈഗിളാണ് ഈ നിർണായക പ്രഖ്യാപനം നടത്തുക.
യൂറോപ്യൻ യൂണിയൻ ജൂണിൽ തുടക്കമിട്ട 92 ദശലക്ഷം യൂറോ (ഏകദേശം 78 ദശലക്ഷം പൗണ്ട്) ചെലവ് പ്രതീക്ഷിക്കുന്ന ‘ഓഷ്യൻഐ’ (OceanEye) എന്ന പദ്ധതിയിലാണ് ബ്രിട്ടൻ പങ്കാളിയാകുന്നത്. ഉപഗ്രഹങ്ങൾ, സെൻസറുകൾ എന്നിവയിൽ നിന്നുള്ള തത്സമയ വിവരങ്ങൾ ഉപയോഗിച്ച് 2030-ഓടെ സമുദ്രത്തിന്റെ ഡിജിറ്റൽ മാതൃക തയ്യാറാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സമുദ്രങ്ങളെ മനസ്സിലാക്കാതെ അവയെ സംരക്ഷിക്കാനോ കാലാവസ്ഥാ ഭീഷണികളെ നേരിടാനോ കഴിയില്ലെന്ന് പരിസ്ഥിതി സെക്രട്ടറി വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങളായ വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റുകൾ, തീവ്രമായ ഉഷ്ണതരംഗങ്ങൾ എന്നിവ മുൻകൂട്ടി തിരിച്ചറിയാൻ സമുദ്ര നിരീക്ഷണം അത്യാവശ്യമാണ്. ആഗോള സമുദ്ര നിരീക്ഷണ സംവിധാനത്തിലേക്ക് (GOOS) കൂടുതൽ വിവരങ്ങൾ കൈമാറുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളിൽ നിന്ന് ബ്രിട്ടനെ മികച്ച രീതിയിൽ സംരക്ഷിക്കാൻ സാധിക്കുമെന്ന് ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രാലയം വെളിപ്പെടുത്തി.
ആഗോള സമുദ്ര നിരീക്ഷണ കേന്ദ്രങ്ങളിൽ പകുതിയിലധികവും സാങ്കേതിക വിദ്യകളും നിലവിൽ അമേരിക്കയാണ് നൽകുന്നത്. എന്നാൽ അമേരിക്കൻ ഭരണകൂടം തങ്ങളുടെ സഹായധനം വെട്ടിക്കുറയ്ക്കാൻ തുനിഞ്ഞത് ആഗോള കാലാവസ്ഥാ നിരീക്ഷണ ശൃംഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. ശാസ്ത്രജ്ഞരുടെ കടുത്ത എതിർപ്പിനെത്തുടർന്ന് അമേരിക്കൻ ഭരണകൂടം ധനസഹായം പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്ന് താൽക്കാലികമായി പിന്മാറിയെങ്കിലും, നിലവിലെ അനിശ്ചിതത്വം പരിഹരിക്കാൻ യുകെ, ഇ.യു, കാനഡ സഖ്യത്തിന്റെ നീക്കം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.