‘ഫലസ്തീൻ ആക്ഷൻ’ അന്താരാഷ്ട്ര ഭീകര സംഘടന; ഉപരോധമേർപ്പെടുത്തി അമേരിക്ക.
ലണ്ടൻ: ഫലസ്തീൻ അനുകൂല ഡയറക്ട് ആക്ഷൻ ഗ്രൂപ്പായ ‘ഫലസ്തീൻ ആക്ഷൻ’ സംഘടനയെ അന്താരാഷ്ട്ര ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്‌മെൻ്റാണ് ‘സ്‌പെഷ്യലി ഡിസിഗ്നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ്’ എന്ന ടാഗ് നൽകിയത്. പുതിയ തീരുമാനത്തോടെ ഈ സംഘടനയുടെ അമേരിക്കയിലെ മുഴുവൻ ആസ്തികളും കണ്ടുകെട്ടാനും ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നത് തടയാനും സാധിക്കും. ഇടത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ബ്രിട്ടനിൽ ഭീകരവിരുദ്ധ നിയമപ്രകാരം ഫലസ്തീൻ ആക്ഷനെ ആദ്യമായി നിരോധിച്ചത്. ഇതോടെ ഐസിസ്, ബോക്കോ ഹറാം തുടങ്ങിയ ആഗോള ഭീകര സംഘടനകളുടെ പട്ടികയിലാണ് യുകെ യഥാർത്ഥത്തിൽ ഇതിനെ ഉൾപ്പെടുത്തിയത്. സൈനിക താവളങ്ങൾക്കും ആയുധ നിർമ്മാണ ശാലകൾക്കും നേരെ ആക്രമണം നടത്തുകയും ലക്ഷക്കണക്കിന് ഡോളറിൻ്റെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്ന വിലയിരുത്തലിലായിരുന്നു യുകെയുടെ നടപടി. ഇതിനെതിരെയുള്ള ഹർജി നിലവിൽ യുകെ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെ കടുത്ത പ്രതികരണവുമായി സംഘടനയുടെ കോ-ഫൗണ്ടറായ ഹുദ അമ്മാരി രംഗത്തെത്തി. ഗാസയിൽ നടക്കുന്ന വംശഹത്യയ്ക്ക് സഹായം നൽകുന്ന ഇസ്രായേലിൻ്റെ സൈനിക നടപടികളെയും ആയുധ നിർമ്മാണത്തെയും പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് അമ്മാരി പറഞ്ഞു. പ്രതിഷേധ ശബ്ദങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഭീകരവാദ നിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനാണ് യുകെയിലെ കെയർ സ്റ്റാർമർ സർക്കാരും യുഎസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടവും ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
യുകെയിലും അന്താരാഷ്ട്ര തലത്തിലും പ്രതിരോധ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നതാണ് യുഎസ് ചുമത്തിയ പ്രധാന കുറ്റം. അതേസമയം ഫലസ്തീൻ ആക്ഷനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുകെ സർക്കാരിൻ്റെ നിരോധനം ഈ വരുന്ന നവംബറിൽ യുകെ സുപ്രീം കോടതി റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് സംഘടനയുടെ പ്രവർത്തകർ.