വലിയ വീഴ്ച വരുത്തി പോലീസ്: ആക്രമണത്തിന് തൊട്ടുമുൻപ് പിടിച്ചെടുത്ത ഫോണുകൾ പരിശോധിച്ചില്ല; മാഞ്ചസ്റ്റർ സിനഗോഗ് ഭീകരാക്രമണത്തിൽ വെളിപ്പെടുത്തൽ.
മാഞ്ചസ്റ്റർ: യുകെയിലെ ഹിറ്റൺ പാർക്ക് സിനഗോഗിന് (ജൂത ആരാധനാലയം) നേരെയുണ്ടായ ഭീകരാക്രമണത്തിന് മുന്നോടിയായി ലഭിച്ച നിർണായക തെളിവുകൾ പരിശോധിക്കുന്നതിൽ വീഴ്ച പറ്റി എന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പരസ്യമായി സമ്മതിച്ച് മാപ്പ് അപേക്ഷിച്ചു. ആക്രമണത്തിന് മുൻപ് തന്നെ അക്രമിയായ ജിഹാദ് അൽ ഷാമിയുടെ മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും, അതിലെ നിർണായക വിവരങ്ങൾ പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി ഫോഴ്സ് ചീഫ് കോൺസ്റ്റബിൾ സർ സ്റ്റീഫൻ വാട്സൺ വ്യക്തമാക്കി.
അക്രമിയുടെ ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ കൃത്യസമയത്ത് പരിശോധിച്ചിരുന്നെങ്കിൽ ആക്രമണം തടയാൻ സാധിക്കുമായിരുന്നെന്ന് പോലീസ് സമ്മതിക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ദാരുണമായ ഈ സംഭവത്തിൽ ഇരയായവർക്ക് പോലീസിന്റെ വീഴ്ച കൂടുതൽ വിഷമം ഉണ്ടാക്കിയതിൽ അതിയായ ഖേദമുണ്ടെന്നും, സംഭവത്തിൽ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് ചോദിക്കുന്നുവെന്നും സ്റ്റീഫൻ വാട്സൺ കൂട്ടിച്ചേർത്തു.
സിനഗോഗ് ആക്രമണത്തിന് രണ്ട് മാസം മുൻപ് അക്രമിയുമായി ചേർന്ന് മറ്റൊരു ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ കൂട്ടുപ്രതിയായ മുഹമ്മദ് ബഷീറിന് (31) മാഞ്ചസ്റ്റർ ക്രൗൺ കോടതി 17 വർഷം കുറഞ്ഞത് തടവുശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെയാണ് പോലീസിന്റെ ഈ വെളിപ്പെടുത്തൽ. അക്രമിയായ ഷാമിയെ നേരത്തെ മറ്റ് രണ്ട് കേസുകളിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്ന വേളയിലാണ് ഫോണുകൾ പിടിച്ചെടുത്തിരുന്നത്.
കഴിഞ്ഞ വർഷം ജൂതരുടെ പവിത്ര ദിനമായ യോം കിപ്പൂർ ആഘോഷത്തിനിടെയാണ് ജിഹാദ് അൽ ഷാമി സിനഗോഗിന് നേരെ ആക്രമണം നടത്തിയത്. തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ ഷാമി കൊല്ലപ്പെടുകയായിരുന്നു. നിലവിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അന്വേഷണ വീഴ്ചകളെക്കുറിച്ച് പോലീസ് വാച്ച്ഡോഗ് (ഐ.ഓ.പി.സി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.