Sathyian Nedumancherriyil

Subject : 31 വർഷങ്ങൾക്ക് ശേഷമുള്ള അജ്ഞാത ഫോൺ കോൾ; അലാസ്കയിലെ പ്രമാദമായ കൊലപാതക കേസിൽ പ്രതി പിടിയിൽ.

31 വർഷങ്ങൾക്ക് ശേഷമുള്ള അജ്ഞാത ഫോൺ കോൾ; അലാസ്കയിലെ പ്രമാദമായ കൊലപാതക കേസിൽ പ്രതി പിടിയിൽ.

അലാസ്ക: മൂന്ന് പതിറ്റാണ്ട് മുൻപ് നടന്ന കൊലപാതക കേസിൽ അലാസ്ക പോലീസിന് ലഭിച്ച നിഗൂഢ ഫോൺ കോളിന് പിന്നാലെ പ്രതി പിടിയിൽ. 1993-ൽ അലാസ്കയിൽ വെച്ച് സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച കേസിൽ മിഷിഗൺ സ്വദേശിയായ ക്രിസ്റ്റഫർ പോപ്സ് (54) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വർഷങ്ങളായി തെളിയാതെ കിടന്ന കേസിലെ ഇരയായ പാട്രിക് ഡീർത്തിന്റെ (34) മൃതദേഹം ഒളിപ്പിച്ച സ്ഥലം താൻ തന്നെ വിവരിച്ച് നൽകുന്ന രഹസ്യ ഫോൺ കോൾ പോലീസിന് നൽകിയതാണ് പ്രതിക്ക് വിനയായത്.

1993 നവംബറിലാണ് ഫെയർബാങ്ക്സ് നഗരത്തിൽ നിന്ന് പാട്രിക് ഡീർത്തിനെ കാണാതാകുന്നത്. വർക്ക് ഷോപ്പിലെ തർക്കത്തിനിടെ ക്രിസ്റ്റഫർ പോപ്സ് ഡീർത്തിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. അതിനുശേഷം മൃതദേഹം ഒരു ബാരലിലാക്കി കുന്നിൻചെരുവിലേക്ക് തള്ളുകയായിരുന്നു. നീണ്ട 31 വർഷങ്ങൾക്ക് ശേഷം 2025 ജനുവരിയിലാണ് മൃതദേഹം എവിടെയുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട് പോപ്സ് അലാസ്ക പോലീസിലേക്ക് അജ്ഞാത സന്ദേശമയച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോൾ ചെയ്തത് പോപ്സ് തന്നെയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

സന്ദേശം ലഭിച്ച സ്ഥലം കനത്ത മഞ്ഞുവീഴ്ചയും വെളിച്ചക്കുറവും ഉള്ള മേഖലയായതിനാൽ മഞ്ഞ് ഉരുകുന്നതിനായി നാല് മാസത്തോളം കാത്തിരുന്ന ശേഷമാണ് പോലീസ് തിരച്ചിൽ ആരംഭിച്ചത്. മേയ് മാസത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ ഹൈവേയോട് ചേർന്നുള്ള കുന്നിൻചെരുവിൽ നിന്ന് ബാരലിലാക്കിയ നിലയിൽ ഡീർത്തിന്റെ മൃതദേഹം കണ്ടെടുത്തു. ഇതിന് പിന്നാലെ ജൂൺ മാസത്തിൽ പോപ്സിനെതിരെ ഫെയർബാങ്ക്സ് ഗ്രാൻഡ് ജൂറി കൊലപാതക കുറ്റം ചുമത്തുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.

ജൂലൈ 16-നാണ് മിഷിഗണിലെ ബാറ്റിൽ ക്രീക്കിൽ വെച്ച് മിഷിഗൺ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിലവിൽ പോപ്സിനെ അലാസ്ക പോലീസിന് കൈമാറാനുള്ള നടപടികൾ നടന്നുവരികയാണ്. രണ്ടാം ഘട്ട കൊലപാതക കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്, കുറ്റം തെളിയിക്കപ്പെട്ടാൽ 10 മുതൽ 99 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. കൊല്ലപ്പെട്ട ഡീർത്തിന്റെ കുടുംബത്തെ അറസ്റ്റ് വിവരം അറിയിച്ചതായി പോലീസ് വ്യക്തമാക്കി.