ഹോർമുസ് കാക്കാൻ ബ്രിട്ടനും; അന്താരാഷ്ട്ര ദൗത്യത്തിൽ നിർണ്ണായക പങ്കാളിത്തം, ട്രംപിന് അതൃപ്തി.
വാഷിംഗ്ടൺ/ലണ്ടൻ : ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രിട്ടന്റെ നേതൃത്വത്തിൽ വിപുലമായ അന്താരാഷ്ട്ര സൈനിക ദൗത്യം ആരംഭിക്കുന്നു. ലോകത്തിലെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാതയിൽ ചരക്ക് കപ്പലുകൾക്ക് സംരക്ഷണം നൽകുകയാണ് ലക്ഷ്യം. ബ്രിട്ടനും ഫ്രാൻസും സംയുക്തമായി നയിക്കുന്ന ഈ മൾട്ടിനാഷണൽ മിഷനിൽ പന്ത്രണ്ടോളം രാജ്യങ്ങൾ ഇതിനകം പങ്കാളികളാകാൻ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് യുഎസിലെ ബ്രിട്ടീഷ് സ്ഥാനപതി ക്രിസ്റ്റ്യൻ ടർണർ വ്യക്തമാക്കി.
കപ്പൽ ഗതാഗതത്തിന് മേൽ അനാവശ്യ നിയന്ത്രണങ്ങളോ നികുതികളോ ഏർപ്പെടുത്തുന്നത് തടയാൻ ലോകരാഷ്ട്രങ്ങൾ സന്നദ്ധമാണെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.ബ്രിട്ടീഷ് സായുധ സേന സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലും ഇത്തരമൊരു സൈനിക നീക്കത്തിന് മുതിരുന്നത് ആഗോളതലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. എന്നാൽ, സഖ്യകക്ഷികളുടെ ഈ സ്വതന്ത്ര നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചത്.
ഇറാനെതിരെയുള്ള തന്റെ മുൻനിലപാടുകളെ പിന്തുണയ്ക്കാത്ത നാറ്റോ (NATO) വെറും “പാഴ്ജന്മം” ആണെന്ന് പരിഹസിച്ച ട്രംപ്, സഖ്യകക്ഷികളുടെ ഈ പുതിയ നീക്കത്തോടുള്ള വിയോജിപ്പും പരസ്യമാക്കി. ട്രംപിന്റെ ഈ കടുത്ത നിലപാട് മേഖലയിലെ നയതന്ത്ര ചർച്ചകളിൽ പുതിയ വെല്ലുവിളികൾക്കും അനിശ്ചിതത്വങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.