സൗദി എണ്ണ പൈപ്പ് ലൈന് നേരെ ഡ്രോൺ ആക്രമണം, ഹോർമുസ് ബദൽ പാത താൽക്കാലികമായി അടച്ചു.
റിയാദ്: ഹോർമുസ് കടലിടുക്കിലെ ഉപരോധം ഒഴിവാക്കാൻ സൗദി അറേബ്യ ഉപയോഗിക്കുന്ന നിർണ്ണായക എണ്ണ കയറ്റുമതി പാതയ്ക്ക് നേരെ ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണം. ഇതേ തുടർന്ന് കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള എണ്ണ പൈപ്പ് ലൈൻ (East-West pipeline) താൽക്കാലികമായി അടച്ചുപൂട്ടിയതായി സൗദി അധികൃതർ വ്യക്തമാക്കി. ആക്രമണത്തിൽ ചിലർക്ക് പരിക്കേൽക്കുകയും പൈപ്പ് ലൈന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഗൾഫ് മേഖലയിലെ അബ്ഖൈഖിനെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പൈപ്പ് ലൈൻ. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി ഈ എണ്ണക്കടത്തു മാർഗ്ഗം കൂടുതൽ ഉപയോഗപ്പെടുത്തുകയായിരുന്നു. റിയാദ്, മദീന മേഖലകളിലെ പൈപ്പ് ലൈനിലാണ് ഡ്രോണുകൾ പതിച്ചത്. മദീനയ്ക്ക് സമീപം കറുത്ത പുക ഉയരുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണം നടന്നത് ഇറാഖിലെ മൈസാൻ പ്രവിശ്യയിൽ നിന്നാണെന്ന് സ്ഥിരീകരിച്ച ഇറാഖ് പ്രധാനമന്ത്രി അലി അൽ-സൈദി, പ്രവിശ്യാ കമാൻഡറെ പുറത്താക്കിയതായി അറിയിച്ചു. അയൽരാജ്യത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച ഇറാഖ് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് നിലവിൽ തിരിച്ചടി നൽകുന്നില്ലെന്ന് സൗദി വ്യക്തമാക്കി. എങ്കിലും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും സൗദി മുന്നറിയിപ്പ് നൽകി.
സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ഇതിനിടെ യെമനിലെ ഹൂതി വിമതർ ബാബ് അൽ-മാന്ദബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് പിടിച്ചെടുത്തതായും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി അറേബ്യയ്ക്ക് എതിരായ സമുദ്ര ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എണ്ണ പൈപ്പ് ലൈൻ ആക്രമണത്തെ ബഹ്റൈൻ, ജോർദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ജിസിസിയും (GCC) ശക്തമായി അപലപിച്ചു.