സൗദിയിൽ ഭർത്താവ് തടങ്കലിൽ: 9 വർഷത്തെ മൗനം വെടിഞ്ഞ് ബ്രിട്ടീഷ് കുടുംബം; നീതി തേടി ലണ്ടനിൽ വാർത്താസമ്മേളനം.
ലണ്ടൻ: മുൻ സൗദി പെട്രോളിയം മന്ത്രി അലി അൽ-നഈമിയുടെ മകനും വ്യവസായിയുമായ റാമി നഈമി സൗദി അറേബ്യയിൽ തടങ്കലിൽ കഴിയുന്ന സംഭവത്തിൽ ബ്രിട്ടനിലുള്ള കുടുംബം പരസ്യ പ്രതികരണവുമായി രംഗത്ത്. 2017-ൽ ദുബായിൽ നിന്ന് തട്ടിക്കൊണ്ടുപോയി സൗദിയിലെത്തിച്ച റാമിയെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കിയെന്നും നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ പരസ്യമായി കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും ഭാര്യ മിറ ലോസി പറഞ്ഞു.
2017-ൽ റിയാദിലെ റിറ്റ്സ്-കാൾട്ടൻ ഹോട്ടലിൽ നടന്ന പ്രമുഖരുടെ അറസ്റ്റിന്റെ ഭാഗമായാണ് റാമി ആദ്യം തടങ്കലിലായത്. തുടർന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായും റിലീസ് കരാറുകൾ ഒപ്പിടീച്ച് തടവിലാക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. പിന്നീട് 2022-ൽ വീണ്ടും കാണാതായ റാമി അൽ ഹാഇർ ജയിലിലുണ്ടെന്ന് അന്വേഷണങ്ങൾക്കൊടുവിലാണ് കുടുംബം അറിഞ്ഞത്. രഹസ്യ വിചാരണയ്ക്ക് ശേഷം കഴിഞ്ഞ വർഷം അദ്ദേഹത്തിന് ആറ് വർഷത്തെ തടവുശിക്ഷ വിധിച്ചു.
നിലവിൽ കൂടുതൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് റാമിക്ക് മേൽ രണ്ടാമതൊരു വിചാരണ കൂടി നടത്താൻ സൗദി അധികൃതർ നീക്കം നടത്തുകയാണ്. ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മിറ ലോസിയും 21 വയസ്സുള്ള മകൻ അലിയും ലണ്ടനിൽ മാധ്യമങ്ങളെ കണ്ട്, വിദേശത്ത് തടവിലാക്കപ്പെടുന്ന പൗരന്മാരുടെ വിഷയത്തിൽ യുകെ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.