സൗത്ത്പോർട്ട് ആവർത്തിക്കുമോ? ബ്രിട്ടീഷ് സുരക്ഷാ സംവിധാനങ്ങൾക്കെതിരെ ഇരകളുടെ കുടുംബങ്ങൾ.
ലണ്ടൻ : 2024 ജൂലൈയിൽ ബ്രിട്ടനെ നടുക്കിയ സൗത്ത്പോർട്ട് ആക്രമണത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ഇരകളുടെ അഭിഭാഷകർ. അക്രമങ്ങളോട് കടുത്ത അഭിനിവേശം പുലർത്തുന്ന കൗമാരക്കാർ സമൂഹത്തിന് ഇപ്പോഴും “മാരകമായ” ഭീഷണിയായി തുടരുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ്, തീവ്രവാദ വിരുദ്ധ സംവിധാനമായ ‘പ്രിവന്റ്’ (Prevent) ഉൾപ്പെടെയുള്ള ഏജൻസികളുടെ വീഴ്ചകളെ അഭിഭാഷകർ വിമർശിക്കുന്നത്.
സൗത്ത്പോർട്ട് കൊലയാളി ആക്സൽ രുദകുബാനയെ മൂന്ന് തവണ പ്രിവന്റ് പ്രോഗ്രാമിലേക്ക് റഫർ ചെയ്തിട്ടും, കൃത്യമായ രാഷ്ട്രീയമോ മതപരമോ ആയ പ്രത്യയശാസ്ത്രങ്ങൾ ഇല്ലാത്തതിനാൽ അധികൃതർ ഈ മുന്നറിയിപ്പുകൾ അവഗണിക്കുകയായിരുന്നു. ഇത്തരത്തിൽ വ്യക്തമായ പ്രത്യയശാസ്ത്രമില്ലാത്തതും എന്നാൽ ക്രൂരമായ അക്രമങ്ങളിൽ താല്പര്യം കാണിക്കുന്നതുമായ അയ്യായിരത്തോളം കൗമാരക്കാർ ഇപ്പോഴും നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് പുറത്താണെന്ന് ദി ഗാർഡിയൻ നടത്തിയ വിശേഷണം വ്യക്തമാക്കുന്നു.
കൊല്ലപ്പെട്ട മൂന്ന് പെൺകുട്ടികളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ക്രിസ് വാക്കർ പറയുന്നതനുസരിച്ച്, നിലവിലെ സംവിധാനങ്ങൾ ഒട്ടും കാര്യക്ഷമമല്ല. അക്രമവാസനയുള്ള കൗമാരക്കാരിൽ പത്തിൽ ഒരാൾക്ക് പോലും ആവശ്യമായ കൗൺസിലിംഗോ പിന്തുണയോ ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൗത്ത്പോർട്ട് മാതൃകയിൽ വീണ്ടും ആക്രമണം നടത്താൻ പദ്ധതിയിട്ട ഒരു കൗമാരക്കാരൻ കഴിഞ്ഞ മാസം പിടിയിലായതും സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
കൃത്യമായ തീവ്രവാദ മുദ്രകൾ ഇല്ലാത്തതുകൊണ്ട് മാത്രം അപകടകാരികളായ വ്യക്തികൾ നിയമവ്യവസ്ഥയുടെ വിടവുകളിലൂടെ രക്ഷപ്പെടുകയാണെന്ന് ഇരകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ആരോപിച്ചു. അപകടകാരികളായ ഇത്തരം യുവതലമുറയെ തിരിച്ചറിയാനും തടയാനും പുതിയൊരു സുരക്ഷാ സംവിധാനം അടിയന്തരമായി വേണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.