സ്മിത്സോണിയൻ മ്യൂസിയത്തിന് മുന്നിൽ വിമർശന ബോർഡുകൾ സ്ഥാപിക്കാൻ ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ്.
വാഷിംഗ്ടൺ: അമേരിക്കൻ ചരിത്രത്തെ വികലമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വാഷിംഗ്ടണിലെ സ്മിത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് അമേരിക്കൻ ഹിസ്റ്ററിക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്റീരിയർ ഡിപ്പാർട്ട്‌മെന്റിന് ഉത്തരവിട്ടു. മ്യൂസിയത്തിലേക്കുള്ള വഴികളിൽ സ്ഥാപിക്കുന്ന ഈ താത്കാലിക ബോർഡുകളിൽ, നിലവിലെ പ്രദർശനങ്ങൾ പുതുക്കിപ്പണിയേണ്ടതുണ്ടെന്ന് സന്ദർശകരെ അറിയിക്കാനും കൃത്യമായ ചരിത്രവിവരങ്ങൾ ലഭിക്കുന്ന മറ്റ് സ്ഥലങ്ങൾ നിർദ്ദേശിക്കാനുമാണ് തീരുമാനം.
രാജ്യത്തിന്റെ വിജയങ്ങളെക്കാൾ ഉപരി ചരിത്രത്തിലെ അസമത്വങ്ങൾക്കും നീതികേടുകൾക്കും മ്യൂസിയം അമിത പ്രാധാന്യം നൽകുന്നുവെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ട്രംപിന്റെയും അനുയായികളുടെയും ആരോപണം. അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാർഷിക വേളയിൽ രാജ്യത്തിന്റെ ചരിത്രപരമായ നിമിഷങ്ങളെ മ്യൂസിയം വേണ്ടത്ര പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയില്ലെന്ന വിമർശനവും ഈ ബോർഡുകളിൽ ഉണ്ടാകും.
അതേസമയം, മ്യൂസിയം പ്രവൃത്തികളിലെ രാഷ്ട്രീയ ഇടപെടലുകൾ ചരിത്ര വ്യാഖ്യാനങ്ങളുടെ കൃത്യതയെ ബാധിക്കുമെന്നും പൊതുജനവിശ്വാസം തകർക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് പ്രൊഫഷണൽ ചരിത്രകാരന്മാരുടെ കൂട്ടായ്മയായ അമേരിക്കൻ ഹിസ്റ്റോറിക്കൽ അസോസിയേഷൻ സ്മിത്സോണിയന് പിന്തുണയുമായി രംഗത്തെത്തി. സ്ഥാപനത്തിന്റെ ഗവേഷണ സമഗ്രതയെയും ചരിത്രപരമായ കൃത്യതയെയും സംഘടന പ്രശംസിച്ചു.
മ്യൂസിയത്തിനെതിരെയുള്ള ആരോപണങ്ങളെ കോൺഗ്രഷണൽ ഹിയറിംഗിൽ ഡയറക്ടർ ആന്തിയ ഹാർട്ടിഗ് പ്രതിരോധിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെയും ഭരണഘടനയെയും ആദരിക്കുന്നതോടൊപ്പം, രാജ്യം പരാജയപ്പെട്ട ചരിത്രസന്ദർഭങ്ങളിലെ സത്യങ്ങൾ തുറന്നുപറയുന്നത് ജനങ്ങളോടുള്ള ആദരവാണെന്നും സമഗ്രമായ ചരിത്ര അവതരണമാണ് മ്യൂസിയം നടത്തുന്നതെന്നും അവർ വ്യക്തമാക്കി.