Sathyian Nedumancherriyil

Subject : സ്ത്രീകൾക്ക് വലിയ ആശ്വാസം; എൻഡോമെട്രിയോസിസ് അതിവേഗം കണ്ടെത്താൻ പുതിയ രണ്ട് പരിശോധനകൾക്ക് യുകെയിൽ അനുമതി.

സ്ത്രീകൾക്ക് വലിയ ആശ്വാസം; എൻഡോമെട്രിയോസിസ് അതിവേഗം കണ്ടെത്താൻ പുതിയ രണ്ട് പരിശോധനകൾക്ക് യുകെയിൽ അനുമതി.

ലണ്ടൻ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാവുന്ന നിർണ്ണായക തീരുമാനവുമായി യുകെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്‌സലൻസ് (NICE). ഇംഗ്ലണ്ടിലും വെയ്‌ൽസിലുമുള്ള സ്ത്രീകൾക്ക് എൻഎച്ച്എസ് (NHS) വഴി എൻഡോമെട്രിയോസിസ് (Endometriosis) രോഗനിർണ്ണയം അതിവേഗത്തിലാക്കാൻ സഹായിക്കുന്ന രണ്ട് പുതിയ ടെസ്റ്റുകൾക്ക് അനുമതി നൽകി. ഗർഭപാത്രത്തിന് പുറത്ത് അനാവശ്യ കോശങ്ങൾ വളരുന്ന ഈ സങ്കീർണ്ണാവസ്ഥ സാധാരണയായി കഠിനമായ വേദനയ്ക്കും മറ്റ് ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട്. .

പുനരുൽപ്പാദന പ്രായത്തിലുള്ള പത്തിൽ ഒരു സ്ത്രീയെ വീതം ബാധിക്കുന്ന ഈ രോഗം തിരിച്ചറിയാൻ യുകെയിൽ സാധാരണയായി ഒൻപത് വർഷത്തിലധികം സമയമെടുക്കാറുണ്ട്. വിവിധ വംശീയ വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളിൽ ഇത് 11 വർഷം വരെ നീളാറുണ്ട്. ദീർഘകാലത്തെ ഈ കാത്തിരിപ്പ് രോഗികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ തകർക്കുകയും രോഗം കൂടുതൽ ഗുരുതരമാക്കുകയും ചെയ്യുന്നു.

ഇതിൽ ‘എൻഡോടെസ്റ്റ്’ വഴി സ്ത്രീകളുടെ ഉമിനീർ സാമ്പിൾ ശേഖരിച്ച് ലാബിലേക്ക് അയച്ചാണ് പരിശോധന നടത്തുന്നത്. ഉമിനീരിലെ ‘മൈക്രോആർഎൻഎ’ (microRNAs) എന്ന ജൈവ മാർക്കറുകൾ നിരീക്ഷിച്ചാണ് രോഗമുണ്ടോ എന്ന് കണ്ടെത്തുന്നത്. രണ്ടാമത്തെ പരിശോധനയായ ‘എൻഡോസൂർ’ വയറിന് മുകളിൽ സെൻസർ പാഡുകൾ ഘടിപ്പിച്ച് കുടലിലെ വൈദ്യുത തരംഗങ്ങൾ അളന്നാണ് രോഗം തിരിച്ചറിയുന്നത്. 45 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ടെസ്റ്റിന് മുൻപായി രോഗികൾ 6 മുതൽ 8 മണിക്കൂർ വരെ ഉപവസിക്കേണ്ടതുണ്ട്. പരിശോധന പൂർത്തിയാകുന്ന ഉടൻ തന്നെ ഇതിന്റെ ഫലം ലഭ്യമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഈ കാലയളവിലെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷമായിരിക്കും സ്ഥിരമായ അനുമതിയുടെ കാര്യത്തിൽ എൻഎച്ച്എസ് അന്തിമ തീരുമാനമെടുക്കുക. ശസ്ത്രക്രിയകളോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാതെ വളരെ വേഗത്തിൽ കൃത്യമായ ചികിത്സ നൽകാൻ ഇത് സഹായിക്കുമെന്ന് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഗെയ്ൽ ബസ്ബി പറഞ്ഞു. രോഗനിർണ്ണയത്തിലെ താമസം ഒഴിവാക്കുന്നതിലൂടെ എൻഎച്ച്എസിലെ ശസ്ത്രക്രിയാ സ്ലോട്ടുകളും മറ്റ് അപ്പോയിന്റ്മെന്റുകളും കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാൻ സാധിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.