Sathyian Nedumancherriyil

Subject : സ്കോട്ട്‌ലൻഡിൽ ക്രൂരത: ക്യാമ്പിംഗിനെത്തിയ 9 വയസ്സുകാരി കൊല്ലപ്പെട്ടു; 35-കാരൻ അറസ്റ്റിൽ

സ്കോട്ട്‌ലൻഡിൽ ക്രൂരത: ക്യാമ്പിംഗിനെത്തിയ 9 വയസ്സുകാരി കൊല്ലപ്പെട്ടു; 35-കാരൻ അറസ്റ്റിൽ

സ്കോട്ട്‌ലൻഡ്: സ്കോട്ട്‌ലൻഡിൽ കുടുംബത്തോടൊപ്പം ക്യാമ്പിംഗിനെത്തിയ ഒൻപത് വയസ്സുകാരിയുടെ ദാരുണമായ മരണവുമായി ബന്ധപ്പെട്ട് 35-കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് യോർക്ക്‌ഷെയറിൽ നിന്നുള്ള കുടുംബം തിങ്കളാഴ്ച പുലർച്ചെ ആംഗസിലെ അർബ്രോത്തിലുള്ള എലിയറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തങ്ങിയിരുന്ന സമയത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടൻ തന്നെ ഡണ്ടിയിലെ നൈൻവെൽസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ കുടുംബത്തിലെ മറ്റ് മൂന്ന് പേരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തിൽ സംശയാസ്പദമായ മരണത്തിന് കേസെടുത്ത പോലീസ് സ്കോട്ട്‌ലൻഡ്, അറസ്റ്റിലായ 35-കാരനെ ബുധനാഴ്ച ഡണ്ടി ഷെരീഫ് കോടതിയിൽ ഹാജരാക്കും. സോഷ്യൽ മീഡിയയിൽ തീവ്ര വലതുപക്ഷ പ്രപ്രചരകർ സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന്, അറസ്റ്റിലായയാൾ ബ്രിട്ടീഷ് വംശജനാണെന്ന് പോലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട പെൺകുട്ടിയുമായി പ്രതിക്ക് മുൻപരിചയമുണ്ടെന്നും ഈ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെയാണ് ചെറിയൊരു ടെന്റുമായി ഈ കുടുംബം പ്രദേശത്ത് എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കൊച്ചുപെൺകുട്ടിയുടെ ദാരുണാന്ത്യ വാർത്തയറിഞ്ഞ് സംഭവസ്ഥലത്ത് നിരവധി ആളുകളാണ് പൂക്കളർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചത്. കനത്ത ഞെട്ടലോടെയും സങ്കടത്തോടെയുമാണ് പ്രാദേശിക ജനങ്ങൾ ഈ വാർത്തയോട് പ്രതികരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കും മറ്റ് കുടുംബാംഗങ്ങൾക്കും വേണ്ട പിന്തുണ നൽകുമെന്നും കേസിൽ വിശദമായ അന്വേഷണം തുടരുമെന്നും പോലീസും പ്രാദേശിക കൗൺസിലർമാരും അറിയിച്ചു.

നിലവിൽ സംഭവസ്ഥലത്തെ പോലീസ് പരിശോധനകൾ പൂർത്തിയാക്കി പ്രദേശം സാധാരണ നിലയിലാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ ജന്മനാടായ വെസ്റ്റ് യോർക്ക്‌ഷെയറിലെ പോലീസിന്റെ സഹകരണത്തോടെയാണ് സ്കോട്ട്‌ലൻഡ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കേസിൽ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു.