Sathyian Nedumancherriyil

Subject : സ്കൂൾ സമയത്തിൽ ഫിൻലാന്റ് മാതൃക; കുട്ടികൾക്ക് കളിക്കാൻ കൂടുതൽ സമയം നൽകാൻ അയർലൻഡ്!

സ്കൂൾ സമയത്തിൽ ഫിൻലാന്റ് മാതൃക; കുട്ടികൾക്ക് കളിക്കാൻ കൂടുതൽ സമയം നൽകാൻ അയർലൻഡ്!

ഡബ്ലിൻ: പ്രൈമറി സ്‌കൂൾ ദിനക്രമത്തിൽ മൂന്ന് പതിറ്റാണ്ടിനുശേഷം നിർണ്ണായക മാറ്റങ്ങൾ വരുത്താനൊരുങ്ങി അയർലൻഡ്. കുട്ടികൾക്ക് കൂടുതൽ ഇടവേളകളും കളിസമയവും അനുവദിക്കുന്ന ഫിൻലാൻഡ് മാതൃകയിലുള്ള ബോധനരീതികൾ സ്വീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. കുട്ടികളെ ദിവസം മുഴുവൻ ക്ലാസ് മുറികളിൽ ഇരുത്തുന്നതിന് പകരം ചെറിയ ഇടവേളകളും പുറത്തിറങ്ങി കളിക്കാനുള്ള അവസരങ്ങളും നൽകുന്നത് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

അയർലൻഡിലെ വിദ്യാഭ്യാസ പാർലമെന്ററി സമിതി ഫിൻലാൻഡിലെ സ്കൂളുകൾ സന്ദർശിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് ഇത്തരം പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടത്. ഫിൻലാന്റിൽ കുട്ടികൾക്ക് പതിവായി 15 മിനിറ്റ് ഇടവേളകളും ഉച്ചഭക്ഷണത്തിന് കൂടുതൽ സമയവും ലഭിക്കുന്നുണ്ട്. നിലവിൽ 1995-ലെ സർക്കുലർ അനുസരിച്ചാണ് അയർലൻഡിലെ സ്കൂൾ സമയവും അവധികളും ക്രമീകരിച്ചിരിക്കുന്നത്. മുപ്പത് വർഷത്തിന് ശേഷം നടക്കുന്ന ഈ അവലോകനത്തിൽ ഇൻഫന്റ് ക്ലാസുകളിലെ കുട്ടികളുടെ സമയക്രമവും ഉൾപ്പെടും.

മാറ്റങ്ങളെക്കുറിച്ച് വിവിധ തുറകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. കുട്ടികൾക്ക് കൂടുതൽ കളിസമയവും ചൂടുള്ള ഭക്ഷണം കഴിക്കാൻ ആവശ്യമായ സമയവും അനുവദിക്കണമെന്ന് സോഷ്യൽ ഡെമോക്രാറ്റിക്സ് ആവശ്യപ്പെട്ടു. എന്നാൽ രക്ഷിതാക്കളുടെ ജോലിസമയത്തെയും ശിശുപരിപാലനത്തെയും ബാധിക്കാത്ത രീതിയിൽ അധ്യാപകരുടെയും സ്കൂൾ മാനേജ്‌മെന്റുകളുടെയും അഭിപ്രായം കേട്ട ശേഷമേ പരിഷ്കാരങ്ങൾ നടപ്പാക്കാവൂ എന്ന് സിൻ ഫെയ്ൻ പ്രതികരിച്ചു.

കൂടുതൽ സമയം പുറത്ത് ചെലവഴിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെയും പെരുമാറ്റത്തെയും പോസിറ്റീവായി സ്വാധീനിക്കുമെന്ന് പ്രിൻസിപ്പൽമാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഈ മാറ്റങ്ങൾ പെട്ടെന്ന് നടപ്പിലാക്കില്ലെന്നും ഔദ്യോഗിക അവലോകനത്തിനും കൂടിയാലോചനകൾക്കും ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്കൂൾ സമയത്തിൽ മാറ്റം വന്നാലും അധ്യാപകരുടെ ജോലി ദിവസങ്ങളിൽ കുറവുണ്ടാകില്ല.