Sathyian Nedumancherriyil

Subject : സ്കൂളുകളുടെ ഗ്രേഡിംഗ് നിർത്തണമെന്ന് അധ്യാപക സംഘടന; ഓഫ്സ്റ്റഡ് പരിശോധനകൾ മാനസികാരോഗ്യത്തെ തകർക്കുന്നതായി പരാതി.

സ്കൂളുകളുടെ ഗ്രേഡിംഗ് നിർത്തണമെന്ന് അധ്യാപക സംഘടന; ഓഫ്സ്റ്റഡ് പരിശോധനകൾ മാനസികാരോഗ്യത്തെ തകർക്കുന്നതായി പരാതി.

ലണ്ടൻ: പുതിയ പരിശോധനാ സമ്പ്രദായം സ്കൂൾ പ്രധാനാധ്യാപകരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും പരിശോധനാ ഗ്രേഡിംഗ് പൂർണ്ണമായി നിർത്തണമെന്നും ആവശ്യപ്പെട്ട് എൻഎഎസ്ടി (NAHT) രംഗത്ത്. പുതിയ പരിശോധനാ സംവിധാനം നടപ്പിലാക്കിയതിനുശേഷമുള്ള ദോഷകരമായ അനുഭവങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ഉദാഹരണങ്ങൾ വിദ്യാഭ്യാസ സെക്രട്ടറി ലൂസി പവലിന് നൽകിയതായി നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് വ്യക്തമാക്കി. മുൻകാലങ്ങളെ അപേക്ഷിച്ച് പുതിയ പരിശോധനകൾ അധ്യാപകരിൽ വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്.

ഓഫ്സ്റ്റഡിന്റെ പുതിയ പരിശോധന തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്ന് ബോൾട്ടിലെ ക്ലേപൂൾ പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് അമാൻഡ ഹുൽമെ വ്യക്തമാക്കി. പരിശോധന തന്നെ മാനസികമായി തളർത്തിയെന്നും ഉറക്കമില്ലായ്മയ്ക്കും രക്തസമ്മർദ്ദം വർദ്ധിക്കുന്നതിനും ഇത് കാരണമായെന്നും അവർ പറഞ്ഞു. സഹപ്രവർത്തകർ പലരും ഈ രംഗം വിട്ടുപോകാൻ ആലോചിക്കുന്നുണ്ടെന്നും, അടുത്ത പരിശോധനയ്ക്ക് മുമ്പ് തനിക്ക് സർവീസിൽ നിന്ന് നേരത്തെ വിരമിക്കേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു.

പരിശോധനകളുടെ ഭാഗമായി നൽകുന്ന ഗ്രേഡുകൾ ഒഴിവാക്കണമെന്നാണ് യൂണിയന്റെ പ്രധാന ആവശ്യം. മുൻപ് നടന്ന ഒരു പരിശോധനയെത്തുടർന്ന് പ്രിൻസിപ്പൽ റൂത്ത് പെറി ആത്മഹത്യ ചെയ്ത സംഭവം വലിയ ചർച്ചയായിരുന്നു. ഇതിനുശേഷമാണ് പുതിയ പരിശോധനാ മാനദണ്ഡങ്ങൾ സർക്കാർ കൊണ്ടുവന്നതെങ്കിലും, നിലവിലെ രീതികൾ അധ്യാപകരെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നുവെന്ന് യൂണിയൻ ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ വ്യക്തമാക്കി. പരിശോധനാ സമയത്ത് അധ്യാപകർ പൊട്ടിക്കരയുന്ന അവസ്ഥവരെ ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അധ്യാപകരുടെയും ഹെഡ്മാസ്റ്റർമാരുടെയും മാനസികാരോഗ്യത്തിന് സർക്കാർ ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്നും, സ്കൂൾ പുരോഗതിക്കായി കൂടുതൽ പിന്തുണ നൽകുന്ന ഒരു ഉത്തരവാദിത്ത സംവിധാനമാണ് ആവശ്യമെന്നും വിദ്യാഭ്യാസ സെക്രട്ടറി പ്രതികരിച്ചു. അതേസമയം, അധ്യാപകരുടെ മാനസികാര്യം തകർക്കുന്ന നിലവിലെ പരിശോധനാ രീതികൾക്കെതിരെ കർശനമായ മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.